അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് പറഞ്ഞ് വീഡിയോ ചെയ്തതിനാണ് തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്

വാരണാസി: ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ പ്രധാമന്ത്രിയുടെ മണ്ഡലം വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് പറഞ്ഞ് വീഡിയോ ചെയ്തതിനാണ് തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. പ്രധാനമന്ത്രി മോദി മത്സരിക്കുന്നതിനാല്‍ സ്റ്റാര്‍ പദവിയുള്ള മണ്ഡലമാണ് വാരണാസി. 

മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പാര്‍ട്ടികള്‍ സമീപിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് തേജ് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല ലക്ഷ്യം. സൈനിക വിഭാഗങ്ങളെ പ്രത്യേകിച്ച് അര്‍ധ സൈനിക വിഭാഗങ്ങളെ ഈ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനാണ് ശ്രമമെന്നും തേജ് യാദവ് പറഞ്ഞിരുന്നു.