ദില്ലി: രാജ്യത്തെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിന് നടക്കും. ഗുജറാത്ത്, ബീഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറിൽ മൂന്ന് സീറ്റുകൾ ഒഡിഷയിലാണ്. രണ്ട് സീറ്റുകൾ ഗുജറാത്തിലും ബീഹാറിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ നിന്നുള്ള രാജ്യസഭാ എംപിമാർ വിവിധ മണ്ഡലങ്ങളിൽ നിന്ന് ജയിച്ച് കയറിയ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി എന്നിവർ ഒഴിഞ്ഞ സീറ്റുകൾ ഇതിൽ ഉൾപ്പെടും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ജൂൺ 25 ആണ്. ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ജൂലൈ ഒൻപതിന് മുൻപ് ഉപതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.