Asianet News MalayalamAsianet News Malayalam

ആവേശവും പ്രകടനവും വോട്ടായില്ല; പരാജയം സംഘടിത നീക്കത്തിന്‍റെ ഭാഗമെന്ന് സി ദിവാകരൻ

ജനങ്ങളുടെ പൾസ് മനസിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. സംസ്ഥാനസർക്കാരിന്‍റെ പ്രവർത്തനം വേണ്ടവിധം ജനങ്ങളിലേക്ക് എത്താനായില്ല.  ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവികമാണ്. പക്ഷേ ഈ പരാജയം സംഘടിതമായ ഒരു നീക്കത്തിന്‍റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. രാജ്യം പോയാലും  ജനങ്ങളുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെട്ടാലും  ഇടതുപക്ഷത്തെ തോൽപ്പിക്കണം എന്ന ലക്ഷ്യത്തോടെ സംഘടിത ശ്രമം ന‍ടന്നു.

C Divakaran explains about his failure in loksabha election
Author
Thiruvananthapuram, First Published May 24, 2019, 10:33 AM IST

തിരുവനന്തപുരം: ഇടതുപക്ഷത്തിന്‍റെ പരാജയം ഒരു സംഘടിത നീക്കത്തിന്‍റെ ഭാഗമാണെന്ന് സി ദിവാകരൻ. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോർപ്പറേറ്റുകളും മൂലധന ശക്തികളും ഒരുമിച്ചു. ജനങ്ങളുടെ പൾസ് മനസിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. സംസ്ഥാനസർക്കാരിന്‍റെ പ്രവർത്തനം വേണ്ടവിധം ജനങ്ങളിലേക്ക് എത്താനായില്ല. ഇതിന്‍റെ കാരണം ഇടതുപക്ഷം പരിശോധിക്കണമെന്നും സി ദിവാകരൻ പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിച്ച് കേന്ദ്രത്തിൽ ചെന്നാൽ ഭരണത്തിന്‍റെ ഭാഗമാകാൻ ആകില്ല എന്ന് ജനങ്ങൾ കരുതി. ഇടതുപക്ഷം കൂടി ഉണ്ടെങ്കിലേ ബദൽ സർക്കാർ രൂപീകരിക്കാനാകൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവികമാണ്. പക്ഷേ ഈ പരാജയം സംഘടിതമായ ഒരു നീക്കത്തിന്‍റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. രാജ്യം പോയാലും ജനാധിപത്യം തകർന്നാലും ജനങ്ങളുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെട്ടാലും  ഇടതുപക്ഷത്തെ തോൽപ്പിക്കണം എന്ന ലക്ഷ്യത്തോടെ സംഘടിത ശ്രമം ന‍ടന്നു. ഇടതുപക്ഷത്തെ ഭയക്കുന്നത് കുത്തകകളും കോർപ്പറേറ്റുകളുമാണ്. കുത്തക കമ്പനികൾ, കോടീശ്വരൻമാർ, യാഥാസ്ഥിതികർ തുടങ്ങിയവരെല്ലാം ഇടതുപക്ഷത്തിന് എതിരായി ഒന്നിച്ചു. കുത്തകകളുടെ ഇവന്‍റ് മാനേജ്മെന്‍റായി തെരഞ്ഞെടുപ്പ് മാറിയെന്നും സി ദിവാകരൻ പറഞ്ഞു.

കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഇല്ലായിരുന്നു. കേരളത്തിൽ ശക്തമായ ഒരു സർക്കാർ നിരവധി ജനക്ഷേമ പ്രവർ‍ത്തനങ്ങൾ നടത്തിവരുകയാണ്. പക്ഷേ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത്ര ശക്തമായ തിരിച്ചടി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം ഇതാദ്യമായാണ് അനുഭവിക്കുന്നത്.  രണ്ടുമാസം നീണ്ട പ്രചാരണകാലത്ത് വലിയ പരാജയം സംഭവിക്കുമെന്ന ഒരപകട സൂചനയും തോന്നിയിരുന്നില്ല. ഒരോ ദിവസവും ജനങ്ങളിൽ നിന്നുള്ള പിന്തുണ ഏറി വരുകയായിരുന്നു. ജനങ്ങളുടെ പൾസ് മനസിലാക്കുന്നതിൽ ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട് എന്നാണ് ഈ തോൽവി തരുന്ന അനുഭവം. ഈ അനുഭവം ആഴത്തിൽ പരിശോധിക്കേണ്ടതാണ്. ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് ഇടതുപക്ഷത്തിന് ഉയരാനായോ എന്ന് പരിശോധിക്കണമെന്നും സി ദിവാകരൻ പറഞ്ഞു. വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് എന്തുകൊണ്ടെന്ന് ഇടത് മുന്നണിയും സിപിഐയും പരിശോധിക്കുമെന്നും സി ദിവാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. 

ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് തടസമായി എന്നതും തെറ്റായ പ്രചാരണമാണ്. കോടതി വിധി നടപ്പാക്കണം എന്നത് പിണറായി വിജയന്‍റെയോ ഇടതുമുന്നണിയിലെ ഏതെങ്കിലും പാർട്ടിയുടേയോ നിലപാട് ആയിരുന്നില്ല. ഇടതുപക്ഷത്തിന്‍റെ പൊതുവേയുള്ള തീരുമാനം ആയിരുന്നു. ഇടതുപക്ഷത്തിന്‍റെ പരാജയത്തിന്‍റെ പല കാരണങ്ങളിൽ ഒന്ന് ശബരിമലയായിരിക്കാം. പക്ഷേ അതുകൊണ്ട് മാത്രമല്ല ഇടതുപക്ഷം പരാജയപ്പെട്ടത്. ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നടപടികൾ സത്യസന്ധമായും വസ്തുനിഷ്ടമായും ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും ഇടതുപക്ഷം പരിശോധിക്കണം. സുപ്രീം കോടതി വിധിയല്ല ചർച്ച ചെയ്യപ്പെട്ടത്. സർക്കാർ മനപൂർവം കൊണ്ടുവന്ന വിധി ആയാണ് ഇടതുപക്ഷത്തിന്‍റെ എതിരാളികൾ പ്രചരിപ്പിച്ചത്. അതിനെ പ്രതിരോധിക്കാനായോ എന്നും പരിശോധിക്കണം.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഇതൊന്നുമായിരുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെയും ഫെഡറൽ സംവിധാനത്തെയുമെല്ലാം കേന്ദ്രസർക്കാർ  തകർക്കുന്നതും കോർപ്പറേറ്റ് ലക്ഷ്യങ്ങൾ നടപ്പാക്കുന്നതും തൊഴിലില്ലായ്മയും പട്ടിണിയും ഒക്കെയായിരുന്നു ചർച്ച ചെയ്യപ്പെടേണ്ടത്. അവ വേണ്ടവിധം ചർച്ചയാക്കാൻ ഇടതുപക്ഷത്തിന് ആയില്ല. സാമൂഹ്യവിഷയങ്ങളിൽ നിന്ന് ബിജെപിയും കോൺഗ്രസും വഴിമാറി നടന്നു. ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അവിഹിത കൂട്ടുകെട്ട് ഉണ്ടായിരുന്നു. അത് ഇനിയും തുടരുമെന്നാണ് താൻ കരുതുന്നത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും സി ദിവാകരൻ പറഞ്ഞു.

തിരുവനന്തപുരം സീറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരിനെ താൻ അഭിനന്ദിക്കുന്നു. രാവും പകലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഷ്ടപ്പെട്ട ആയിരക്കണക്കിന് ഇടതുപക്ഷ പ്രവർത്തകർ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്. അവരുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നുവെന്നും പ്രവർത്തകർ നിരാശപ്പെട്ടരുതെന്നും സി ദിവാകരൻ പറഞ്ഞു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം തിരിച്ചടികൾ സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഫലം പ്രവർത്തനത്തെ ബാധിക്കരുത്. ബിജെപിക്ക് എതിരായ സമരം ഇടതുപക്ഷം ശക്തമാക്കും. ജനവിധി മാനിച്ചുകൊണ്ട് വീണ്ടും ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് ശക്തമായി തിരിച്ചുവരാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇനിയും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios