കഴുതപ്പുറത്തുള്ള യാത്രയിലൂടെ സാധാരണക്കാരുടെ കഷ്ടതയെ പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നെന്നാണ് സംഭവം വിവാദമായതോടെ സ്ഥാനാര്‍ത്ഥി പറഞ്ഞത്. 

ദില്ലി: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബുഷന്‍ ശര്‍മ്മയാണ് പത്രിക സമര്‍പ്പിക്കാനായി ബീഹാറിലെ ജെഹ്നാബാദിലെ തെരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേസെടുത്തത്. 

കഴുതപ്പുറത്തുള്ള യാത്രയിലൂടെ സാധാരണക്കാരുടെ കഷ്ടതയെ പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നെന്നാണ് സംഭവം വിവാദമായതോടെ സ്ഥാനാര്‍ത്ഥി പറഞ്ഞത്. രാഷ്ട്രീയ നേതാക്കള്‍ സ്വാര്‍ത്ഥരാണ്. എന്നാല്‍ നല്ലൊരു സമൂഹം കെട്ടിപ്പടുക്കാന്‍ സാധാരണക്കാരായ ആളുകള്‍ കഴുതകളെപോലെ പണിയെടുക്കുന്നുണ്ടെന്നും ബുഷൻ ശര്‍മ്മ പറഞ്ഞു. നാലുവട്ടം മുന്‍പ് മത്സരിച്ച് പരാജയപ്പെട്ടതാണ് ബുഷൻ. സമര്‍പ്പിച്ച രേഖകളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ ഇയാളുടെ പത്രിക തള്ളിയിരുന്നു. മേയ് 19 നാണ് ജെഹ്നാബാദിലെ തെരഞ്ഞെടുപ്പ്.