തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അ‍ഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനായി സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും യോഗം ഇന്ന് ചേരും. യുഡിഎഫിന്‍റെ ഔദ്യോഗിക ചർച്ചകൾക്കും ഇന്ന് തുടക്കമാകും. ബിജെപിയും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിൽ അഞ്ചിലും സിപിഎം സ്ഥാനാർത്ഥികളാണ് മത്സരിക്കുക. യുഡിഎഫിൽ നാലിടത്ത് കോണ്‍ഗ്രസും ഒരിടത്ത് മുസ്ലീംലീഗും മത്സരിക്കും. മുന്നണി തീരുമാനം എന്നതിലുരി സ്ഥാനാർത്ഥി നിർണ്ണയത്തിലെ കടമ്പ പാർട്ടി തീരുമാനം മാത്രം. സ്ഥാനാർത്ഥി നി‍ർണ്ണയത്തിനായി സിപിഎം ഇന്ന് പത്ത് മണിക്ക് പ്രത്യേക സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 

ജില്ലാനേതൃത്വങ്ങൾ നൽകിയ പേരുകൾ സെക്രട്ടറിയേറ്റ് പരിശോധിക്കും. മൂന്ന് മണിക്ക് എൽഡിഎഫ് ചേരുമെങ്കിലും സിപിഎമ്മിന് അഞ്ചിടത്തും മത്സരിക്കുന്നതിൽ അംഗീകാരം നൽകുകയാണ് പ്രധാന അജണ്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുള്ള സാധ്യത വിരളമാണ്. നാളെ ചേരുന്ന സിപിഎമ്മിന്‍റെ അഞ്ച് ജില്ലാസെക്രട്ടറിയേറ്റ് യോഗങ്ങൾക്ക് ശേഷം പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ പ്രശാന്തിന്‍റെ പേരിനാണ് മുൻതൂക്കം. ഒപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വികെ മധു, യുവനേതാവ് കെ എസ് സുനിൽകുമാർ എന്നിവരും പട്ടികയിലുണ്ട്.

കോന്നിയിൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എം എസ് രാജേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഇടത് ക്യാമ്പിൽ ചർച്ചചെയ്യപ്പെടുന്നത്. ആലപ്പുഴയിൽ മുൻ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിനാണ് സാധ്യത കൂടുതൽ. ചിത്തരഞ്ജൻ, മനു സി പുളിക്കൻ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്. 

എറണാകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അനിൽകുമാറിനാണ് കൂടുതൽ സാധ്യത. മഞ്ചേശ്വരത്ത് ജയാനന്ദ, സി എച്ച് കുഞ്ഞമ്പു എന്നിവരാണ് സിപിഎം പട്ടികയിലെ പ്രധാനികൾ. കോണ്‍ഗ്രസ് നേതാക്കൾ ഇതിനകം അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. വട്ടിയൂർക്കാവിൽ കെ മോഹൻകുമാർ, പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ എന്നിവരാണ് പ്രധാനമായും പട്ടിയകയിൽ. വട്ടിയൂർക്കാവും അരൂരും തമ്മിൽ എയും ഐയും കൈമാറാൻ തയ്യാറായാൽ വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിന് അവസരമൊരുങ്ങും. 

കോന്നിയിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററാണ് അടൂർ പ്രകാശിന്‍റെ നിർദ്ദേശം പക്ഷെ കെപിസിസി അംഗം പഴകുളം മധു ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, മോഹൻരാജ് എന്നിവരും പട്ടികയിലുണ്ട്. അരൂരിൽ ഷാനിമോൾ ഉസ്മാൻ, എം ലിജു എന്നിവരുണ്ടെങ്കിലും സീറ്റ് എ ഗ്രൂപ്പിന്‍റെതാണ്. എറണാകുളത്ത് ടി ജെ വിനോദിനാണ് മുൻതൂക്കം. കെവി തോമസും സീറ്റ് നേടാൻ ദില്ലി കേന്ദ്രീകരിച്ച് ചർച്ചകൾ സജീവമാക്കി. ബിജെപി കോർകമ്മിറ്റി ചേർന്ന് സാധ്യതപട്ടിക തയ്യാറാക്കി കഴിഞ്ഞു.

വട്ടിയൂർക്കാവിൽ കുമ്മനംരാജശേഖരനും ശ്രീധരൻപിള്ളക്കുമൊപ്പം വിവി രാജേഷിന്‍റെ പേരും പരിഗണനയിലുണ്ട്. കുമ്മനത്തിന്‍റെ കാര്യത്തിൽ ആർഎസ്എസ് അന്തിമ തീരുമാനമെടുക്കും. കോന്നിയിൽ ശോഭാ സുരേന്ദ്രനും സാധ്യതയേറി.