രാഹുലിന്‍റെ വയനാട്ടിലെ മത്സരത്തിന്‍റെ കാര്യത്തിൽ തീരുമാനം ഇന്നില്ലെന്നുള്ളതാണ് അവസാനം വന്ന തീരുമാനം. കൂടിയാലോചനകൾ തുടരുന്നതായി നേതാക്കൾ പറയുന്നു.

ദില്ലി: അത്യന്തം നാടകീയമായിട്ടായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എന്ന് വാർത്ത കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടത്. പ്രമുഖ നേതാക്കൾക്ക് ഒഴികെ ആർക്കും ഇതുസംബന്ധിച്ച ഒരു സൂചനയും അതുവരെ ഉണ്ടായിരുന്നില്ല.

ഗ്രൂപ്പ് തർക്കങ്ങളെല്ലാം പരിഹരിച്ചിട്ടും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഹൈക്കമാൻഡ് വയനാട്, വടകര സീറ്റുകൾ ഒഴിച്ചിട്ടപ്പോൾ സാങ്കേതികം മാത്രം എന്നായിരുന്നു നേതാക്കളുടെ നിലപാട്. ഇന്നലെ അർദ്ധ രാത്രി പുറത്തിറങ്ങിയ ഏഴാംഘട്ട പട്ടികയിലും പേര് ഒഴിവാക്കിയതോടെ സിദ്ദിഖിന്‍റെ പേരിനോട് താൽപര്യക്കുറവെന്നായിരുന്നു കഥ. 

വയനാട്ടിൽ ഇന്ന് നടക്കുന്ന മണ്ഡലം കൺവെൻഷനിൽ നിന്ന് കോഴിക്കോട് ഉണ്ടായിരുന്നിട്ടും പ്രധാന നേതാക്കളെല്ലാം വിട്ടുനിൽക്കുന്നു എന്നറിഞ്ഞിട്ടും മറ്റൊന്നും ആരും സംശയിച്ചില്ല. പതിനൊന്നരയോടെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി റാന്നി കോടതിയിൽ എത്തുന്നു. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യമെടുക്കാൻ കോടതിയിലേക്ക് കയറിയ ഉമ്മൻ ചാണ്ടിക്ക് ഇടയ്ക്ക് പുറത്തിങ്ങി ഫോണിൽ സംസാരിക്കുന്നു. പിന്നെ അധികം താമസിയാതെ മാധ്യമങ്ങൾക്ക് മുന്നിലേക്കെത്തി ചോദ്യങ്ങൾക്കൊന്നും കാത്തുനിൽക്കാതെ ആ ബിഗ് ബ്രെയ്ക്കിംഗ് ന്യൂസ് പുറത്തുവിടുന്നു. രാഹുൽ ഗാന്ധി കേരളത്തിലേക്ക് മത്സരിക്കാൻ വരുന്നു. 

തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവും രാഹുൽ ഗാന്ധി വരണമെന്ന് താൽപര്യം പ്രഖ്യാപിക്കുന്നു. അതുവരെയുള്ള വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി സിദ്ദീഖ് താൻ മൽസരത്തിൽ നിന്ന് പിൻമാറുന്നു എന്ന് വ്യക്തമാക്കി രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ ഘകകക്ഷി നേതാക്കളും പുതിയ സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്തോടെ എല്ലാം ശുഭം. പിന്നെ ഹൈക്കമാൻഡിന്‍റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പായിരുന്നു.

രാഹുലിന്‍റെ വയനാട്ടിലെ മത്സരത്തിന്‍റെ കാര്യത്തിൽ തീരുമാനം ഇന്നില്ലെന്നുള്ളതാണ് അവസാനം വന്ന തീരുമാനം. കൂടിയാലോചനകൾ തുടരുന്നതായി നേതാക്കൾ പറയുന്നു. കേരളത്തിൽ മത്സരിക്കുന്നതിനെതിരെയും പാർട്ടിയിൽ അഭിപ്രായമുയർന്നു. ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്ന് ചില നേതാക്കളുടെ അഭിപ്രായം. തീരുമാനം നാളെയോ മറ്റന്നാളോ ആയിരിക്കും വരിക.