തിരുവനന്തപുരം: ശബരിമല പോലെ സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ വ്യക്തമാക്കി. സംസ്ഥാനത്തെ തെര‍ഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുത്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണ്. ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചരണവിഷയമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണ്.

മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് പ്രചരണം നടത്തിയതായി കണ്ടെത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശിക്കുന്നത്. സാമുദായിക ദ്രുവീകരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ശബരിമല അടക്കമുളള വിഷയങ്ങളിലെ ചര്‍ച്ച വഴിമാറാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുഷ്മമായി നീരിക്ഷിക്കും. 

കഴിഞ്ഞ സെപ്റ്റംബര്‍ 25-ലെ സുപ്രീം കോടതി ഉത്തരനവനുസരിച്ച് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യപ്പെടുത്തണം. കേസുകളുടെഎണ്ണം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, വകുപ്പ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി മാധ്യമങ്ങളില്‍ മൂന്ന് വട്ടം പരസ്യം നല്‍കണമെന്നും ടിക്കാറാം മീണ നിര്‍ദേശിച്ചു.