Asianet News MalayalamAsianet News Malayalam

പി ജയരാജനെതിരായ 'കൊലയാളി' പരാമർശം; കെ കെ രമയ്ക്കെതിരെ കേസ്

പി ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തിലാണ് കേസ്. കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.

case against kk rama on killer statement
Author
Vatakara, First Published Apr 1, 2019, 11:47 AM IST

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ കേസ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രമയ്ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് കോടിയേരിയുടെ പരാതിയില്‍ പറയുന്നത്. രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രമ ഉള്‍പ്പടെ ആർഎംപി മൂന്ന് നേതാക്കൾക്കുമെതിരെ പി ജയരാജൻ വക്കീൽ നോട്ടീസും അയച്ചിരിരുന്നു. കോഴിക്കോട് ആർഎംപി യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജൻ 'കൊലയാളി'യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്‍റെ ആരോപണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്ന് നേരത്തേ ആർഎംപി വ്യക്തമാക്കിയിരുന്നു. പാർട്ടി യോഗത്തിന് ശേഷം വടകരയിൽ നിന്ന് കെ കെ രമ മത്സരിക്കില്ലെന്നും പകരം യുഡിഎഫിനെ പിന്തുണയ്ക്കും എന്നുമായിരുന്നു ആർഎംപിയുടെ നിലപാട്. 

Follow Us:
Download App:
  • android
  • ios