ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന് പിന്നാലെ ആം ആദ്മി പാർട്ടിയിലെ തമ്മിലടി രൂക്ഷം. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക വാട്‍സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച്, 2020-ൽ പാർട്ടി വിടുമെന്ന് ചാന്ദ്‍നി ചൗക് എംഎൽഎ അൽക ലാംബ പ്രഖ്യാപിച്ചു. അടുത്ത വർഷമാണ് ദില്ലിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. 

2013 മുതൽ ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. ആ യാത്ര 2020-ൽ അവസാനിക്കും. പാർട്ടിയുടെ വിപ്ലവകാരികളായ അടിത്തട്ടിലെ പ്രവർത്തകർക്ക് എന്നും എന്‍റെ ആശംസകളുണ്ടാകും. നിങ്ങൾ ദില്ലിയിൽ ഒരു മികച്ച ബദലായി നിലകൊള്ളുമെന്ന് എനിക്കുറപ്പാണ്. കഴിഞ്ഞ ആറ് വർഷക്കാലം എന്നും ഓർക്കത്തക്കതാണ്, ഞാൻ നിങ്ങളിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചു,'' അൽക ലാംബ ട്വിറ്ററിൽ കുറിച്ചു. 

എന്നാൽ പാർട്ടിയിൽ നിന്ന് എപ്പോൾ പുറത്തുപോകുമെന്ന് അൽക ലാംബ ട്വീറ്റിൽ പറയുന്നില്ല. കഴി‌ഞ്ഞ കുറച്ചു കാലമായി അൽക ലാംബ പാർട്ടിയുമായി പ്രചാരണത്തിലടക്കം സഹകരിക്കുന്നില്ല. 

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ദില്ലിയിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഉത്തരവാദിത്തമുണ്ടെന്ന് വിമർശിച്ചതിന് ദില്ലി ആം ആദ്മി പാർട്ടി എംഎൽഎമാരുടെ ഗ്രൂപ്പിൽ നിന്ന് അൽകാ ലാംബയെ പുറത്താക്കിയിരുന്നു. ഏഴ് ലോക്സഭാ സീറ്റുകളുള്ളതിൽ ഒന്നിൽപ്പോലും ആം ആദ്മി പാർട്ടി വിജയിച്ചിരുന്നില്ല. 

ആ സ്ക്രീൻഷോട്ടടക്കം പങ്കുവച്ചു കൊണ്ട് നേരത്തേ അൽകാ ലാംബ സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. 


'അടച്ച മുറിയ്ക്കുള്ളിൽ ഇരുന്ന് തീരുമാനമെടുക്കുന്നവരാണ്' തോൽവിക്ക് ഉത്തരവാദികൾ എന്ന് ആ കുറിപ്പിൽ അൽക ലാംബ ആരോപിക്കുന്നു. കെജ്‍രിവാളിന്‍റെ പേരെടുത്ത് പറയാതെയാണ് വിമർശനം.