ദില്ലി: വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് ചന്ദ്രബാബു നായിഡു കമ്മീഷനെ കാണുക. കോൺഗ്രസ്, തൃണമൂൽ, ബിഎസ്പി, എസ്പി, സിപിഎം നേതാക്കൾ ചന്ദ്രബാബു നായിഡുവിനൊപ്പം ഉണ്ടാകും.  എക്സിറ്റ് പോളുകൾ  എൻഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്.

50 ശതമാനം വിവിപാറ്റുകൾ എണ്ണണം എന്ന ആവശ്യവും സംഘം ഉന്നയിക്കും. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകൾ എണ്ണണം എന്നായിരുന്നു കോടതി ഉത്തരവ്. 

ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികളിലേക്ക് പോകണോ എന്നത് സംബന്ധിച്ച ആലോചനകളും പ്രതിപക്ഷ നേതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. 

വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതല്ലെങ്കിൽ ഫലം പുറത്തുവന്നതിന് ശേഷം 24ന് രാവിലെ ദില്ലിയിൽ പ്രതിപക്ഷയോഗം ചേരും. സർക്കാർ രൂപീകരണത്തിനുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടെങ്കിൽ അന്നുതന്നെ രാഷ്ട്രപതിയെ കാണണം എന്ന വിശാല അഭിപ്രായ ഐക്യത്തിൽ പ്രതിപക്ഷം എത്തിയിട്ടുണ്ട്.

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.