തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ചടങ്ങില്‍ പങ്കെടുക്കും. 

അമരാവതി: ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആന്ധ്രയുടെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ക്ഷണം. വിജയവാഡയില്‍ മേയ് 30 ന് 12.23 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയെ നിലംപരിശാക്കി 175 നിയമ സഭാ സീറ്റുകളില്‍ 151 ഉം സ്വന്തമാക്കി ഉജ്ജ്വല വിയമായിരുന്നു ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്.

ചന്ദ്രബാബു നായിഡുവിനെ ജഗന്‍ മോഹന്‍ റെഡ്ഡി ഫോണില്‍ വിളിച്ച് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ ആന്ധ്രാ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രബാബു നായിഡുവിനോട് ഒരു വിരോധവുമില്ലെന്ന് ജഗന്‍ പറഞ്ഞിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനും ചന്ദ്രശേഖര റാവുവും ജഗന്‍ മോഹന്‍ റെഡ്ഡിയും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി ദില്ലിക്ക് തിരിക്കും.