രാഹുല്‍ ഗാന്ധി നാളെ 11.30 ഓടെ കല്‍പ്പറ്റയിലെത്തി നാമനിര്‍ദ്ദേശപത്രിക നല്‍കും. പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പമുണ്ടാകും. യുഡിഎഫ് നേതാക്കളും വയനാട്ടിലെത്തുമെന്നും ചെന്നിത്തല. 

കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 20 മണ്ഡലങ്ങളിലും വിജയം യുഡിഎഫിനായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ദക്ഷിണേന്ത്യയോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവഗണന മനോഭാവത്തിന് എതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധി നാളെ 11.30 ഓടെ കല്‍പ്പറ്റയിലെത്തി നാമനിര്‍ദ്ദേശപത്രിക നല്‍കും. ഇതിനായി യുഡിഎഫ് നേതാക്കളും അദ്ദേഹത്തിനൊപ്പം വയനാട്ടിലെത്തും. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല സ്ഥിരീകരിച്ചു. വയനാട്ടില്‍ രാഹുലിന്‍റെ റോഡ് ഷോ ഉണ്ടാകും. ഇതിന് ശേഷമായിരിക്കും പത്രിക നല്‍കുക. അതിന് ശേഷം രാഹുൽ ദില്ലിക്ക് മടങ്ങുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

ഇന്ത്യ ഒന്നാണ്, ഇന്ത്യയുടെ ഐക്യമെന്ന മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കോണ്‍ഗ്രസും ഗാന്ധി കുടുംബവും. ആദ്യമായാണ് കേരളത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ ദേശീയ നേതാവോ മത്സരിക്കുന്നത്. ഇത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ തോതിലുള്ള ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ ഉത്സാഹം കാണാം. 20 മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. 20 മണ്ഡലങ്ങളിലും വിജയം യുഡിഎഫിനായിരിക്കും. 

ബിജെപിക്കെതിരായ ശക്തമായ പ്രതിരോധനിര ദേശീയ നേതൃത്വത്തില്‍ ഉയര്‍ന്ന് വരേണ്ടതുണ്ട്. മതേതര ജനാധിപത്യ ഗവണ്‍മെന്‍റ് ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനൊപ്പം യുഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കും. ഇടതുപക്ഷത്തിന്‍റെ വിമര്‍ശനം ദൗര്‍ഭാഗ്യകരമാണ്. നരേന്ദ്രമോദിക്കെതിരെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഒരേ ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി വര്‍ഗീയ പ്രീണനം നടത്തുന്നത് ആ സ്ഥാനത്തിന് യോജിച്ചതല്ലെന്നും ചെന്നിത്തല പറഞ്ഞു.