തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കെട്ടുകഥകള്‍ വിലപ്പോകില്ലെന്ന് എം കെ രാഘവനെതിരായ കോഴ ആരോപണത്തോട് ചെന്നിത്തല പ്രതികരിച്ചു.
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ പ്രതിരോധം തീര്‍ത്ത് വീണ്ടും രമേശ് ചെന്നിത്തല. എം കെ രാഘവനെ ജനങ്ങള്‍ക്ക് അറിയാം. സിപിഎമ്മിന്‍റെ ഗൂഢാലോചന വിലപ്പോകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കെട്ടുകഥകള്‍ വിലപ്പോകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വവും ഒരു മാഫിയ സംഘവുമാണെന്ന് നേരത്തേ എം കെ രാഘവന്‍ പ്രതികരിച്ചിരുന്നു. ശബ്ദം ഡെബ് ചെയ്തതാണ്. തെരഞ്ഞെടുപ്പ് ചർച്ച ചെയ്തത് പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ്. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ചാനലിനെതിരെ മാനനഷ്ടകേസ് നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനല്‍ പുറത്ത് വിട്ടത്.
ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനല്‍ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപറേഷന്‍.
