ഏത് സമയവും ബിജെപിയാകാൻ സാധ്യതയുള്ള കോൺഗ്രസിന് വോട്ട് നൽകുന്നതിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ആലപ്പുഴ: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് സ്ഥാനാർത്ഥിപോലുമില്ലാത്ത വയനാട്ടിലെ കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍റെ മത്സരം പരിഹാസ്യമാണ്. ബദൽ നയത്തോട് കൂടിയ മതേതര സർക്കാരാണ് രാജ്യത്ത് വരേണ്ടത്. കോൺഗ്രസുകാരെ തെരഞ്ഞെടുത്താൽ ചിലപ്പോൾ പെട്ടെന്ന് തന്നെ അവർ ബിജെപി ആയേക്കാം. വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസെന്നും പിണറായി വിജയൻ വിമർശിച്ചു.
വിശ്വാസ്യതയുള്ള സ്ഥാനാർത്ഥികൾക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം വോട്ട് നൽകേണ്ടത്. ഏത് സമയവും ബിജെപിയാകാൻ സാധ്യതയുള്ള കോൺഗ്രസിന് വോട്ട് നൽകുന്നതിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫിന്‍റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
