ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വാരാണസിയിലെ സങ്കടമോചൻ ക്ഷേത്രത്തിലെ മുഖ്യപൂജാരി. ആദ്ധ്യാത്മിക കേന്ദ്രമായ വാരാണസിയെ മോദിയുടെ നഗരമാക്കി മാറ്റുന്നു എന്ന് മഹന്ത് വിശ്വംഭര നാഥ് മിശ്ര പറഞ്ഞു.

ഹരഹര മഹാദേവ് ഉച്ചരിക്കുന്ന സ്ഥലമാണ് ഇത്  എന്നാല്‍  ഹരഹര മോദി എന്നാക്കി മാറ്റാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ശിവൻറെ പേരിലല്ല മോദിയുടെ പേരിൽ നഗരത്തെ മാറ്റാനാണ് നീക്കമെന്നും വിശ്വംഭര നാഥ് മിശ്ര ആരോപിക്കുന്നു.  പ്രതിപക്ഷം പ്രമുഖനായ ഒരു സ്ഥാനാർത്ഥിയെ നിറുത്തിയില്ല. അതുകൊണ്ട് ഇവിടുത്തെ എംപിക്ക് കാര്യമായ വെല്ലുവിളിയില്ലെന്നും വിശ്വംഭര നാഥ് മിശ്ര കൂട്ടിച്ചേര്‍ത്തു.

വാരാണസിയിൽ രണ്ടാം മത്സരത്തിന് ഇറങ്ങിയ നരേന്ദ്രമോദിയുടെ ഏറ്റവും വലിയ വിമർശകനാവുകയാണ് മഹന്ത് വിശ്വംഭര നാഥ് മിശ്ര. പ്രശസ്തമായ സങ്കടമോചൻ ക്ഷേത്രത്തിലെ മുഖ്യപൂജാരിയാണ് ബനാറസ് ഐഐടിയിലെ പ്രൊഫസർ കൂടിയായ വിശ്വംഭര നാഥ് മിശ്ര. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉൾപ്പടെ നിർമ്മിച്ച് വാരാണസിയുടെ രൂപം മോദി മാറ്റുമ്പോൾ എതിർപ്പുയർത്തുന്നവരുടെ ശബ്ദമായി വിശ്വംഭര നാഥ് മിശ്ര മാറുകയാണ്.

നരേന്ദ്ര മോദിക്കെതിരെ മഹന്ത് വിശ്വംഭരദാസ് മിശ്രയെ സംയുക്ത സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം നടന്നിരുന്നു. പ്രതിപക്ഷം മോദിയെ ശക്തമായി നേരിടുന്നതിൽ പരാജയപ്പെട്ടെന്നാണ് വിശ്വംഭര നാഥ് മിശ്രയുടെ നിലപാട്. ഗംഗാശുചീകരണ പദ്ധതി വൻ പരാജയമെന്നും വിശ്വംഭര നാഥ് മിശ്ര ആരോപിക്കുന്നു. വാരാണസിയിൽ മോദിയുടെ വിജയം ഉറപ്പെങ്കിലും മുന്നോക്ക വോട്ടർമാരിൽ ഒരു വിഭാഗത്തിൻറെ അതൃപ്തി വ്യക്തമാക്കുന്നതാണ് സങ്കടമോചൻ ക്ഷേത്രത്തിലെ മഹന്തിൻറെ വിമർശനം.