മുസാഫര്‍ നഗര്‍: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി പാര്‍ട്ടികള്‍ സമ്മേളനങ്ങള്‍ വിളിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിരിയാണി വില്ലനായെത്തിയാലോ? മുസാഫര്‍ നഗറിലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. ബിരിയാണി വിളമ്പിയതിന്‍റെ പേരില്‍ നടന്ന കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നിസ്സാമുദ്ദീന്‍ സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബിരിയാണിയുടെ പേരില്‍ കൂട്ടത്തല്ല് നടന്നത്. മുന്‍ എംഎല്‍എയുടെ വീട്ടില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ ബിരിയാണി വിളമ്പിയിരുന്നു. എന്നാല്‍ കുറച്ചു പേര്‍ ബിരിയാണിക്ക് വേണ്ടി പിടിവലി നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. കൂട്ടത്തല്ലില്‍ അവസാനിച്ച യോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍  ഒമ്പത് പേര്‍ അറസ്റ്റിലായി.