ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ തകർത്തെന്ന് ആരോപണം. പോളിംഗ് സ്റ്റേഷന് മുന്നിൽ വ്യാപക അക്രമം. ലാത്തിച്ചാർജ്. 

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലാംഘട്ട തെരഞ്ഞെടുപ്പിലും വ്യാപക അക്രമം. അസൻസോൾ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിന് മുന്നിൽ ബിജെപി - തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ തല്ലിത്തകർത്തെന്ന് ബിജെപി ആരോപിച്ചു.

പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ പശ്ചിമബംഗാളിൽ പല പ്രദേശങ്ങളിലും സംഘർഷസാധ്യത നിലനിന്നിരുന്നു. ജമുയ മണ്ഡലത്തിലെ 222, 226 ബൂത്തുകളിൽ സുരക്ഷയ്ക്ക് കേന്ദ്രസേനയില്ലെന്ന് ആരോപിച്ച് ഒരു സംഘമാളുകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പോളിംഗ് ബൂത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പോളിംഗ് തടസ്സപ്പെടുകയും ചെയ്തു. 

Scroll to load tweet…

ഇതോടെ, സ്ഥലത്തേക്ക് കേന്ദ്രസേനയെ കൂട്ടി എത്തുമെന്ന് ബിജെപി എംപി ബബുൽ സുപ്രിയോ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ കേന്ദ്രസേന ആവശ്യമാണെന്ന് പശ്ചിമബംഗാളിലെ ജനത മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും മമതാ ബാനർജിക്ക് ജനാധിപത്യത്തെ പേടിയാണെന്നും ബബുൽ സുപ്രിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Scroll to load tweet…

ഇവിടേക്ക് പോകുന്ന വഴിയാണ് ബബുൽ സുപ്രിയോയെ ഒരു വിഭാഗം പ്രവർത്തകർ തട‌ഞ്ഞത്. ബബുൽ സുപ്രിയോയുടെ സ്വന്തം മണ്ഡലമായ അസൻസോളിലെ ഒരു ബൂത്തിൽ ബിജെപി പോളിംഗ് ഏജന്‍റില്ല എന്നാരോപിച്ച് ടിഎംസി പ്രവർത്തകർ ബൂത്തിൽ പ്രതിഷേധിക്കുകയായിരുന്നു. ഇവിടത്തെ എംപിയായ ബബുൽ സുപ്രിയോ ഈ ബൂത്തിലിറങ്ങി. സുപ്രിയോയുടെ കാർ ബൂത്തിന് സമീപത്ത് വച്ച് ടിഎംസി പ്രവർത്തകർ തടഞ്ഞു. തുടർന്ന് ടിഎംസി - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമായി. തുടർന്ന് ഒരു വിഭാഗം ടിഎംസി പ്രവർത്തകർ ബബുൽ സുപ്രിയോയുടെ കാർ തല്ലിത്തകർത്തു എന്നാണ് ആരോപണം. 

Scroll to load tweet…
Scroll to load tweet…

തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. 

Scroll to load tweet…

വോട്ടെടുപ്പിന്‍റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും വ്യാപക സംഘർഷമാണുണ്ടായത്. കർശനസുരക്ഷ ഏർപ്പെടുത്തിയിട്ടും അക്രമം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വീഴ്ചയാണെന്ന ആരോപണമാണുയരുന്നത്. പല ഇടത്തും കേന്ദ്രസേനയില്ല. ക്രമക്കേടുകൾ ഉന്നയിച്ച് ടിഎംസി പ്രവർത്തകരടക്കം രംഗത്തു വരികയും ചെയ്യുന്നു.