Asianet News MalayalamAsianet News Malayalam

അക്രമങ്ങള്‍ അവസാനിക്കുന്നില്ല; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു

അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂലാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, മമത ബാനര്‍ജിയുടെ പാര്‍ട്ടി ഇതെല്ലാം നിഷേധിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളിലും വലിയ അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്

clashes not ended in west bengal
Author
Cooch Behar, First Published May 21, 2019, 10:29 AM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് പൂര്‍ത്തിയായിട്ടും സംഘര്‍ഷത്തിന് അവസാനമില്ല. ബിജെപിയും സംസ്ഥാന ഭരണം കയ്യാളുന്ന തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.

ഇന്നലെ രാത്രി ബംഗാളിലെ കൂച്ച്ബിഹാറില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും വീണ്ടും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എന്നാല്‍ ഒരാളെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

ഒരു ബിജെപി പ്രവര്‍ത്തകന്‍റെ കച്ചവട സ്ഥാപനം നശിപ്പിതായും ആക്ഷേപമുണ്ട്. അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂലാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, മമത ബാനര്‍ജിയുടെ പാര്‍ട്ടി ഇതെല്ലാം നിഷേധിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളിലും വലിയ അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്.

അവസാനഘട്ട തെരഞ്ഞെടുപ്പിലും പശ്ചിമബംഗാളിൽ വ്യാപക അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊൽക്കത്ത നഗരത്തിലുൾപ്പടെ പലയിടത്തും അക്രമവും ബൂത്ത് പിടിത്തവും സംഘർഷവും ബോംബേറും അരങ്ങേറി. നിരവധി സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ തകർത്തിരുന്നു.

നേരത്തെ, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചിരുന്നു. മെയ് 19ന് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ നിന്ന് ഒരു ദിവസമാണ് വെട്ടിക്കുറച്ചത്.

സംസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ ന‍ടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. 

Follow Us:
Download App:
  • android
  • ios