ലഖ്‌നൗ: പാര്‍ട്ടി പതാക കൊണ്ട്‌ ചെരിപ്പ്‌ തുടച്ചെന്നാരോപിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്‌ജിലെ പോളിംഗ്‌ ബൂത്തിലാണ്‌ സംഭവം.

പോളിംഗ്‌ ബൂത്തിന്‌ പുറത്ത്‌ ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത്‌ വോട്ടര്‍ തന്റെ ചെരിപ്പ്‌ തുടച്ചെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം. ഇതുകണ്ട ഒരു ബിജെപി പ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയും എല്ലാവരും ചേര്‍ന്ന്‌ വോട്ടറെ മര്‍ദ്ദിക്കുകയുമായിരുന്നു.

ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഒടുവില്‍ പൊലീസിന്‌ ലാത്തി പ്രയോഗിക്കേണ്ടി വന്നു. പുറത്ത്‌ സംഘര്‍ഷം നടന്നെങ്കിലും വോട്ടെടുപ്പിനെ അത്‌ ബാധിച്ചില്ലെന്നാണ്‌ പുറത്തുവരുന്ന വിവരം.