Asianet News MalayalamAsianet News Malayalam

'കേരളത്തെ അവഹേളിക്കരുത്', മോദിയുടെ വാരാണസി പ്രസംഗത്തിനെതിരെ പിണറായി

രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന പാലനമുള്ള കേരളത്തെ വ്യാജപ്രചാരണത്തിലൂടെ പ്രധാനമന്ത്രി അവഹേളിക്കുന്നത് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നതെന്നും പിണറായി.

CM Pinarayi Vijayan criticize PM Narendramodi in facebok
Author
Thiruvananthapuram, First Published Apr 26, 2019, 6:26 PM IST

തിരുവനന്തപുരം: കേരളത്തിൽ ജീവൻ പണയം വെച്ചാണ് ബിജെപി പ്രവർത്തകരുടെ പ്രവർത്തനമെന്ന നരേന്ദ്രമോദിയുടെ പരാമർശത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ നിശ്ശിതമായി വിമർശിച്ചത്.  വാരാണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുമ്പായിരുന്നു കേരളത്തിലെയും ബംഗാളിലെയും സാഹചര്യങ്ങളെ വിമർശിച്ചുള്ള നരേന്ദ്രമോദിയുടെ പരാമർശം. ഏത് ബിജെപിക്കാരാനാണ്  കേരളത്തിൽ പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത് എന്നായിരുന്നു പിണറായി വിജയന്‍റെ മറുചോദ്യം. വ്യാജപ്രചാരണത്തിലൂടെ പ്രധാനമന്ത്രി കേരളത്തെ അവഹേളിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സംഘ പരിവാറിലെ അക്രമികൾക്ക് യുപിയും ഗുജറാത്തും അടക്കം  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കിട്ടുന്ന പരിരക്ഷ കേരളത്തിൽ കിട്ടില്ല. ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല, വർഗ്ഗീയത ഇളക്കിവിട്ട് കലാപമുണ്ടാക്കാനുള്ള ആർഎസ്എസ് ശ്രമത്തെ കേരളത്തിലെ ജനത ഒറ്റക്കെട്ടായാണ് എതിർക്കുന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽ കണ്ടാണ് ആരോപണങ്ങളെന്നാണ് പിണറായിയുടെ  ഫേസ് ബുക്ക് പോസ്റ്റിലെ മറുപടി. അബദ്ധപ്രസ്താവന നടത്തും മുമ്പ് കേന്ദ്ര സർക്കാറിനറെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ അയ്യപ്പന്‍റെ  പേര് ഉച്ചരിച്ചാൽ അറസ്റ്റിലാകുമെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തില്‍ ബി.ജെ.പി.ക്കാര്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?

രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമന്ത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്‍റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

Read also : 'കേരളത്തിൽ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവൻ പണയം വച്ച്'; കേരളത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

Follow Us:
Download App:
  • android
  • ios