ഇടതുപക്ഷം മുഖ്യഎതിരാളിയായി വരുന്ന മണ്ഡലത്തില്‍ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്ന് ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി സൂചന. 


ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ എഐസിസിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ അന്തിമതീരുമാനം വൈകിട്ടോടെ ഉണ്ടാവും എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകിയും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. 

പശ്ചിമബംഗാളില്‍ പ്രചാരണത്തിന് പോയ രാഹുല്‍ ദില്ലിയില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ദില്ലിയില്‍ തിരിച്ചെത്തിയ രാഹുലിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ വിഭിന്ന അഭിപ്രായം എഐസിസിയില്‍ ഉണ്ടായി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 

കേരളത്തില്‍ പ്രധാനമായും മത്സരം നടക്കുന്നത് ഇടതുപക്ഷവും യുപിഎയും തമ്മിലാണെന്നും അത്തരമൊരു സംസ്ഥാനത്ത് രാഹുല്‍ മത്സരിച്ചാല്‍ പ്രതിപക്ഷ ഐക്യം എന്ന ആശയത്തെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയേക്കാം എന്നും അദ്ദേഹത്തോട് അടുപ്പമുള്ള ചില നേതാക്കള്‍ അഭിപ്രായപ്പെട്ടതായാണ് സൂചന. ബിജെപി ശക്തമല്ലാത്ത കേരളത്തില്‍ മത്സരിക്കാതെ മറ്റൊരു സംസ്ഥാനത്ത് മത്സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഇക്കാര്യത്തില്‍ നാളെയോ മറ്റന്നാളോ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമതീരുമാനം എടുക്കും എന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത.