ഭരണകക്ഷിയിലെ അഞ്ച് എംഎൽഎമാരുമായി ചർച്ചകൾ നടത്തിയെന്നും വരുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോഡാൻകർ നേരത്തെ പറഞ്ഞിരുന്നു.
പനജി: ഗോവയിൽ മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദവുമായി കോൺഗ്രസ്. അവകാശ വാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവർണർക്ക് കത്തുനൽകി. മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം ഗോവയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വിശദമാക്കിയിരുന്നു.
ശിരോദ, മാൻഡ്രേം സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഇത് കഴിയുന്നതോടെ മനോഹർ പരീക്കറിനെ താഴെ ഇറക്കി പുതിയ സർക്കാർ രൂപീകരിക്കുമെന്നായിരുന്നു കോൺഗ്രസ് അവകാശവാദം. ഭരണകക്ഷിയിലെ അഞ്ച് എംഎൽഎമാരുമായി ചർച്ചകൾ നടത്തിയെന്നും വരുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോഡാൻകർ നേരത്തെ പറഞ്ഞിരുന്നു. ഗോവയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 12 എംഎൽമാരാണുള്ളത്.
നേരത്തെയും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുപോലും ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചിരുന്നില്ല. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട ബിജെപിയെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.
