വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിന്‍റെ തലക്കെട്ട് 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്' എന്നാണ്

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രത്തിനെതിരെ പ്രതിഷേധം ശക്തം. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിന്‍റെ തലക്കെട്ട് 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്' എന്നാണ്.

ഇതിനെതിരെയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരിക്കുന്നത്. ഒരു നനഞ്ഞ പടക്കമായി മാത്രമേ രാഹുലിന്‍റെ വയനാട്ടിലുള്ള മത്സരത്തെ കാണാനാവുകയുള്ളുവെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

ആലങ്കാരികമായി പറഞ്ഞാൽ ഒരു പപ്പുസ്ട്രൈക്ക് ആണ് കോൺഗ്രസിന്റേത്. അത് അവരുടെ നാശം പൂർണമാക്കുമെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിനന്‍റെയും കോണ്‍ഗ്രസിന്‍റെയും തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണ് എന്ന് സീതാറാം യെച്ചൂരിയുടെയും പിണറായി വിജയന്റെയും ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കോൺഗ്രസിനുണ്ടെന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ എഴുതി. എന്നാല്‍, രാഹുലിനെ പപ്പു എന്ന് വിശേഷിപ്പിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

ഇതിനെതിരെ വി ടി ബല്‍റാം അടക്കമുള്ളവര്‍ രംഗത്ത് വന്നു. സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാമെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ, സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്നും ബല്‍റാം കുറിച്ചു.