വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെ പ്രവീൺകുമാറിന് സാധ്യത. തർക്കം തുടരുന്ന വയനാട് അടക്കം 4 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. 

ദില്ലി: വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെ പ്രവീൺകുമാർ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. തർക്കം തുടരുന്ന വയനാട്, വടകര അടക്കമുള്ള നാല് സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

56 സീറ്റുകളിലേയ്ക്കുള്ള പാർട്ടി സ്ഥാനാര്‍ത്ഥികളെ ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ സ്ഥാനാര്‍ത്ഥികൾ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് ദില്ലിയിൽ തങ്ങാൻ ഹൈക്കമാന്‍റ് നിർദേശിച്ചിട്ടുണ്ട്. വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന സമ്മർദ്ദം ഹൈക്കമാന്‍റിന് മേൽ സജീവമാക്കുന്നതിനും വയനാട് സ്ഥാനാർത്ഥി നിർണയം ഹൈക്കമാൻറിന് വിട്ട സാഹചര്യത്തിലുമാണിത്.

ദുർബല സ്ഥാനാര്‍ത്ഥിയെ നിർത്തിയാൽ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുള്ളത്. വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം സ്ഥാനാര്‍ത്ഥികൾ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. 

നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമെന്നും സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് ആർഎംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കിൽ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു.