ദില്ലി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം അവസാനിച്ചു. സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത പട്ടിക നാളെ തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിക്കും. എന്നാൽ സിറ്റിംഗ് എംപിമാരുടെ കാര്യത്തിൽ സ്ക്രീനിംഗ് കമ്മിറ്റിയിലും അന്തിമ തീരുമാനം ആയിട്ടില്ല. സിറ്റിംഗ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതിയാകും അന്തിമ തീരുമാനം എടുക്കുക.

സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കേരള നേതാക്കൾ തെരഞ്ഞെടുപ്പ്  കമ്മിറ്റി യോഗത്തിലേക്ക് പോയി. നാളെ വൈകിട്ടാണ് തെര‌‌ഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിന്‍റെ കാര്യത്തിൽ ഇനി അനൗപചാരിക ചർച്ചകൾ മാത്രമേ ബാക്കിയുള്ളൂവെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന വിവരം.

മത്സരിക്കാനില്ലെന്ന നിലപാടിൽ ഇപ്പോഴും മുതിര്‍ന്ന നേതാക്കൾ ഉറച്ച് നിൽക്കുന്നതും വലിയ ആശയക്കുഴപ്പമാണ് നേതൃത്വത്തിന് ഉണ്ടാക്കുന്നത്. പല മണ്ഡലങ്ങളിലും പകരം സ്ഥാനാര്‍ത്ഥികളെ കുറിച്ച് പോലും ധാരണയിലെത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. കോഴിക്കോട്ട് നിന്ന് ദില്ലി യാത്രക്കിടെ ഉമ്മൻചാണ്ടിയും കെസി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കാനില്ലെന്ന കാര്യം കോൺഗ്രസ് അദ്ധ്യക്ഷനോട് ആവര്‍ത്തിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന ശേഷം അന്തിമ തീരുമാനം ആകാമെന്ന മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയതെന്നും സൂചനയുണ്ട്. 

വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിലെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ ഉമ്മൻചാണ്ടിയില്ലെങ്കിൽ ആന്‍റോ ആന്‍റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. കെ സി വേണുഗോപാൽ മാറി നിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും അടൂർ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂർ പ്രകാശിന്‍റെ പേരാണ് പരി​ഗണനയിൽ. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ വീണ്ടും കളത്തിലിറക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. 

വയനാട്ടിൽ കെ സി വേണു​ഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നിൽ നിലനിൽക്കുന്നുണ്ട്. 
വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെ കെ രമയുടെ പേര് പരി​ഗണിക്കണം എന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ നിലപാട് നിർണ്ണായകമായിരിക്കും. ഇടുക്കിയിൽ പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്‍റ് പ്രതികരണം അനുകൂലമല്ല. 

കോൺഗ്രസിന്‍റെ സീറ്റുകൾ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകൾ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നാണ് വിവരം. അതു കൊണ്ടു തന്നെ ഇടുക്കി സീറ്റിലും കേരളാ കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് മുൻകയ്യെടുത്ത് നടത്തുന്ന പരിശ്രമങ്ങളിലും എല്ലാം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണ്ണായകമാകും.