Asianet News MalayalamAsianet News Malayalam

പാട്ട്, നൃത്തം, പൊതുപ്രവര്‍ത്തനം; രാഹുല്‍ ബ്രിഗേഡിലെ മിന്നും താരമാണ് രമ്യ

രാഹുല്‍ കണ്ടെടുത്ത നേതാവ് എന്ന വിശേഷണവും തന്റെ സ്വതസിദ്ധമായ പ്രവര്‍ത്തനശൈലിയുമായി രമ്യ എത്തുമ്പോള്‍ ആലത്തൂരിന്റെ ചരിത്രം തിരുത്തപ്പെടും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 
 

congress candidate remya haridas profile alathoor
Author
Calicut, First Published Mar 17, 2019, 10:33 AM IST

"സീറ്റ് കിട്ടിയാല്‍ സന്തോഷം, ഇല്ലെങ്കിലും പരിഭവമൊന്നുമില്ല". ഇതായിരുന്നു ആലത്തൂര്‍ മണ്ഡലത്തിലെ  സ്ഥാനാര്‍ത്ഥി സാധ്യതാപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രമ്യാ ഹരിദാസിന്റെ പ്രതികരണം. ദിവസങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രിന്റെ ആദ്യഘട്ട  സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രമ്യ. 

കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പി.പി.ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ജവഹര്‍ ബാലജനവേദിയിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയ രമ്യ ഇപ്പോള്‍ സംഘടനയുടെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ആണ്. 

congress candidate remya haridas profile alathoor

അപ്രതീക്ഷിതമായിരുന്നു സ്ഥാനാര്‍ത്ഥി പട്ടികയിലേക്കുള്ള രമ്യയുടെ കടന്നുവരവ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറ് വര്‍ഷം മുമ്പ് ദില്ലിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായത്. അന്ന് ബിഎ സംഗീതവിദ്യാര്‍ഥിനിയായിരുന്നു രമ്യ. നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ സ്വന്തം നിലപാടുകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും രമ്യ താരമായി. യുവപ്രവര്‍ത്തകയിലെ നേതൃപാടവം കൂടി രാഹുല്‍ തിരിച്ചറിഞ്ഞതോടെ രാഹുല്‍ ബ്രിഗേഡിലെ മികച്ച പോരാളികളില്‍ ഒരാളായി രമ്യ മാറി.

ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാളുമാണ് രമ്യ. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളില്‍ രമ്യ സജീവമായിരുന്നു.  കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007ലെ പൊതുപ്രവര്‍ത്തക അവാര്‍ഡും രമ്യയെ തേടിയെത്തി. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

congress candidate remya haridas profile alathoor

ജില്ലാ,സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്ത,സംഗീത ഇനങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള രമ്യ നൃത്താധ്യാപികയായും ജീവിതത്തില്‍ വേഷമിട്ടിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജനയിലൂടെ ലഭിച്ച തുക ഉപയോഗിച്ച് കഴിഞ്ഞയിടയ്ക്കാണ് രമ്യ ഒരു വീട് സ്വന്തമാക്കിയത്. 

സാധ്യതാപട്ടികയില്‍ ഇടം നേടിയതൊന്നും കാര്യമാക്കാതെ രമ്യ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വന്തം പ്രദേശത്ത് എം.കെ.രാഘവനു വേണ്ടി തിരക്കിട്ട പ്രചാരണത്തിലായിരുന്നു. പാട്ടും രസകരമായ പ്രസംഗവും മികവുറ്റ പ്രവര്‍ത്തനശൈലിയുമായി ജനമനസ്സുകളില്‍ ഇടം നേടിയ രമ്യക്ക് ഇനി ആലത്തൂരാണ് കളം. പി.കെ.ബിജുവിന്റെ ഹാട്രിക് വിജയത്തിന് തടയിടുകയാണ് ലക്ഷ്യം. രാഹുല്‍ കണ്ടെടുത്ത നേതാവ് എന്ന വിശേഷണവും തന്റെ സ്വതസിദ്ധമായ പ്രവര്‍ത്തനശൈലിയുമായി രമ്യ എത്തുമ്പോള്‍ ആലത്തൂരിന്റെ ചരിത്രം തിരുത്തപ്പെടും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 
 

Follow Us:
Download App:
  • android
  • ios