Asianet News MalayalamAsianet News Malayalam

കോൺഗ്രസ് സ്ഥാനാ‌ർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; തെരഞ്ഞെടുപ്പ് സമിതിയോഗം ഇന്ന്

 അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കൈക്കൊള്ളും. ഹൈക്കമാന്‍റ് സമ്മർദ്ദമില്ലെങ്കിൽ പ്രധാന നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സ്ഥാനാർഥികൾ ആകില്ല

congress candidates for kerala may be delared today
Author
Delhi, First Published Mar 16, 2019, 6:03 AM IST

ദില്ലി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് പാർട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇന്നലെ രാത്രി വൈകിയും നേതാക്കൾ സ്ഥാനാർഥി നിർണയത്തിനായി യോഗം ചേർന്നിരുന്നു. എറണാകുളം സീറ്റിൽ കെ.വി തോമസിന് പകരം ഹൈബി ഈഡനെ സജീവമായി പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കൈക്കൊള്ളും. ഹൈക്കമാന്‍റ് സമ്മർദ്ദമില്ലെങ്കിൽ പ്രധാന നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സ്ഥാനാർഥികൾ ആകില്ല

സിറ്റിംഗ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതിയാകും അന്തിമ തീരുമാനം എടുക്കുക. വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിലെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ ഉമ്മൻചാണ്ടിയില്ലെങ്കിൽ ആന്‍റോ ആന്‍റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. കെ സി വേണുഗോപാൽ മാറി നിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും അടൂർ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂർ പ്രകാശിന്‍റെ പേരാണ് പരി​ഗണനയിൽ. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ വീണ്ടും കളത്തിലിറക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. 

വയനാട്ടിൽ കെ സി വേണു​ഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നിൽ നിലനിൽക്കുന്നുണ്ട്. 
വടകരയിൽ മുല്ലപ്പള്ളിയില്ലെങ്കിൽ കെ കെ രമയുടെ പേര് പരി​ഗണിക്കണം എന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ നിലപാട് നിർണ്ണായകമായിരിക്കും. ഇടുക്കിയിൽ പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്‍റ് പ്രതികരണം അനുകൂലമല്ല. 

കോൺഗ്രസിന്‍റെ സീറ്റുകൾ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകൾ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നാണ് വിവരം. അതു കൊണ്ടു തന്നെ ഇടുക്കി സീറ്റിലും കേരളാ കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് മുൻകയ്യെടുത്ത് നടത്തുന്ന പരിശ്രമങ്ങളിലും എല്ലാം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണ്ണായകമാകും.

Follow Us:
Download App:
  • android
  • ios