Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ ബിജെപിയില്‍; സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചനയെന്ന് ശ്രീധരന്‍ പിള്ള

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍, സഹചുമതലയുള്ള നിര്‍മ്മല്‍ കുമാര്‍ സുരാന എന്നിവര്‍ ഇരുവര്‍ക്കും അംഗത്വം നല്‍കി സ്വീകരിച്ചു. 

congress cpm leaders joined bjp
Author
Trivandrum, First Published Mar 31, 2019, 3:25 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി എക്‌സിക്യുട്ടീവ് അംഗം കുന്നത്തൂര്‍ വിശാലാക്ഷി, സിപിഐ കിസാന്‍ സഭ കൊല്ലം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി അഡ്വ.രാജീവ് രാജധാനി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍, സഹചുമതലയുള്ള നിര്‍മ്മല്‍ കുമാര്‍ സുരാന എന്നിവര്‍ ഇരുവര്‍ക്കും അംഗത്വം നല്‍കി സ്വീകരിച്ചു. 

കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സംസ്ഥാനത്തെ രാഷ്ട്രീയമാറ്റത്തിന്‍റെ സൂചനയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.  ഇതുവരെ നാല് കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിലുടനീളം മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ പുതിയ നേതാക്കളുടെ വരവ് സഹായിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ബിജെപിയില്‍ ചേര്‍ന്ന വിശാലാക്ഷി കെഎസ്‍യുവിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെപിസിസി മുന്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു വിശാലാക്ഷി. കിസാന്‍ സഭയുടെ താലൂക്ക് പ്രസിഡണ്ട് കൂടിയാണ് അഡ്വ. രാജീവ്. 

പട്ടികജാതിക്കാരെ അവഗണിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് വിശാലാക്ഷി പറഞ്ഞു. എംപി കൊടിക്കുന്നില്‍ സുരേഷ് പട്ടികജാതിക്കാരെ വഞ്ചിക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് അവഗണിച്ചിരുന്നവരെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവര്‍ത്തനമാണ് മോദിയും ബിജെപിയും നടത്തുന്നതെന്നും വിശാലാക്ഷി പറഞ്ഞു. 

 ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ നടത്തിയ അതിക്രമത്തെ ചെറുത്ത പാര്‍ട്ടിയെന്നതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് രാജീവ് പറഞ്ഞു. കോടതി വിധി മറയാക്കി വിശ്വാസികളെ വേട്ടയാടുകയാണ് സര്‍ക്കാര്‍. രാഷ്ട്രീയത്തേക്കാള്‍ വലുതാണ് രാഷ്ട്രമെന്ന മോദിയുടെ കാഴ്ചപ്പാട് ആകര്‍ഷിച്ചു. സാമ്പത്തിക സംവരണത്തിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം നടപ്പാക്കാനും ബിജെപിക്ക് സാധിച്ചെന്നും രാജീവ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios