അൽപേഷ് താക്കൂറിന്റെ ദുർഭാഗ്യം  അപാരമാണ്. നാടുമുഴുവൻ ബിജെപി ജയിച്ചുകൊണ്ടിരുന്ന കാലത്ത് കോൺഗ്രസിന്റെ കൂടെയായിരുന്നു അൽപേഷ്. അന്ന്‌ നിഷ്പ്രയാസം നിയമസഭയിലേക്ക് ജയിച്ചുകയറി. ഒടുവിൽ അവിടെ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്ന പരാതിയും പറഞ്ഞ് ബിജെപി പാളയത്തിലേക്ക് ചേക്കേറി. ഉപതെരഞ്ഞെടുപ്പിൽ രാധൻപൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. നാടെങ്ങും ബിജെപി തരംഗം നിലനിൽക്കുന്ന കാലത്ത് ബിജെപി ടിക്കറ്റിൽ ഗുജറാത്തിൽ നിന്ന് മത്സരിച്ചിട്ടും അൽപേഷ് താക്കൂർ പരാജയം രുചിച്ചു.  

ഗുജറാത്തിലും ആറ് നിയമസഭാ സീറ്റുകളിൽ ഇത്തവണ ഉപതെരഞ്ഞെടുപ്പുകൾ നടന്നിരുന്നു.  എല്ലാറ്റിലും ഫലവും വന്നു. എന്നാൽ ജനം ഉറ്റുനോക്കിയത് മറുകണ്ടം ചാടി ബിജെപിയിലെത്തിയ അൽപേഷ് താക്കൂറിന്റെ ഗതി എന്താവുമെന്നറിയാനാണ്. ഫലം വന്നപ്പോൾ, താക്കൂർ കോൺഗ്രസിലെ മീരാജ് ഭായി ദേശായിയോട് 3,322 വോട്ടുകൾക്ക്  തോറ്റു. 

2017-ലെ തെരഞ്ഞെടുപ്പ് വേളയിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്  മൂന്ന് യുവാക്കളുണ്ടായിരുന്നു. ഹാർദ്ദിക്‌ പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നിവരായിരുന്നു ആ ത്രിമൂർത്തികൾ. കോൺഗ്രസിന്റെ പിന്തുണ ഇവർ മൂന്നുപേർക്കുമുണ്ടായിരുന്നു അന്ന്. അക്കൊല്ലം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ്, ഇവരിൽ അൽപേഷ് താക്കൂർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഒബിസി വിഭാഗത്തിൽ പെട്ട താക്കൂർമാരെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത്. 

അൽപേഷ് തുടങ്ങിയ ജനതാ റെഡ് ടീം അന്ന് അവർ അനധികൃത മദ്യവില്പനക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ പേരിൽ  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഗുജറാത്തിൽ 22  മുതൽ 24  ശതമാനം വരെ താക്കൂർമാരുണ്ട് എന്നോർക്കുക. ചെറുപ്പക്കാരനായ അൽപേഷ് ഒരു തീപ്പൊരി പ്രാസംഗികനും, സദാ ഒബിസിക്കാരുടെ അവകാശങ്ങൾക്കും, അധികാരങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിപ്പോന്നിരുന്നു. അഹമ്മദാബാദ് ജില്ലയിൽ ഹർദിക് പട്ടേലിന്റെ ഗ്രാമത്തിനടുത്തുള്ള, എംഡാല ഗ്രാമത്തിൽ നിന്നായിരുന്നു അൽപേഷും വന്നിരുന്നത്.  രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം, റിയൽ എസ്റ്റേറ്റും, കൃഷിയും ഒക്കെ കൊണ്ടുപോയിരുന്നു അൽപേഷ്. 2017  ഒക്ടോബർ 23-ന്  രാഹുൽ ഗാന്ധിയുടെ വിശേഷ സാന്നിധ്യത്തിലാണ് അൽപേഷിനെ കോൺഗ്രസിലേക്ക് കൈപിടിച്ച് കയറ്റുന്നത്. ഇത് അദ്ദേഹത്തിന്റെ കോൺഗ്രസിലേക്കുള്ള ഘർ വാപ്പസിയായിരുന്നു.  2009  മുതൽ 2012  വരെ അദ്ദേഹം മുമ്പും കോൺഗ്രസിൽ അംഗമായിരുന്നു. അൽപേഷിന്റെ അച്ഛൻ ഘോഡാജി താക്കൂർ കോൺഗ്രസിൽ ജില്ലാധ്യക്ഷപദവി വഹിച്ചിട്ടുള്ള ആളാണ്. കോൺഗ്രസിൽ നിന്ന് ടിക്കറ്റ് നേടി അൽപേഷ് എംഎൽഎ ആകുന്നു. 

2017-ൽ ഗുജറാത്തിലെ ക്ഷീര കർഷകർ പാൽ റോഡിലൊഴുക്കി നടത്തിയ സമരത്തിന് പിന്നിലും അൽപേഷ് താക്കൂർ ആയിരുന്നു. 2018-ൽ ഗുജറാത്തിൽ നടന്ന ഒരു ബാലികാ ബലാത്സംഗത്തെ ഗുജറാത്തി-ബിഹാരി സംഘർഷമാക്കി വളർത്തിക്കൊണ്ടു വന്നത് അൽപേഷ് താക്കൂറിന്റെ താക്കൂർ സേന ആയിരുന്നു. അക്കാലത്ത് ഒരു ഫാക്ടറി ആക്രമിച്ച് ബിഹാറികളെ പരിക്കേൽപ്പിച്ചതിന്റെ പേരിലുള്ള കേസുകളും അൽപേഷ് പ്രസിഡണ്ടായിട്ടുള്ള താക്കൂർ സേനയ്‌ക്കെതിരെ ഉണ്ടായിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതാണ് അൽപേഷ് ബിജെപിയിലേക്ക് കളംമാറ്റിചവിട്ടാനുണ്ടായ കാരണം. ബിജെപി ഈ ഉപതെരഞ്ഞെടുപ്പിൽ രാധൻപൂരിൽ നിന്ന് അൽപേഷ് താക്കൂറിന് ടിക്കറ്റ് നൽകി. അവിടെ മൂവായിരത്തിലധികം വോട്ടുകൾക്ക് താക്കൂർ മീരാജ് ഭായി പട്ടേലിനോട് പരാജയപ്പെടുകയാണ് ചെയ്തത്.