കണ്ണൂർ മണ്ഡലത്തിൽ 199 പേരുടെ കള്ളവോട്ടുകളിൽ കോൺഗ്രസ് നൽകിയ പരാതിയിൽ കക്ഷികൾക്ക് വരണാധികാരി നോട്ടീസുകൾ അയച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ ഉറ്റബന്ധു അടക്കമുള്ളവർക്കെതിരെ ആണ് പരാതി
കണ്ണൂര്‍: കൂടുതൽ കള്ളവോട്ടുകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥീരികകരിച്ചതിന് പിന്നാലെ കണ്ണൂരിൽ കള്ളവോട്ട് ചെയ്തവർക്ക് നേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സജീവമാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം വേങ്ങാട് പഞ്ചായത്തിൽ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകൻ സായൂജിനെതിരെ പൊലീസ് കേസെടുത്തു. ധർമ്മടത്തെ കുന്നിരിക്കയിൽ 48ആം ബൂത്തിലെ വോട്ടറായ സായൂജ് 52ആം ബൂത്തിലെത്തി കള്ളവോട്ട് ചെയ്തതിലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. സ്ഥലത്തില്ലാത്തവരുടെ വോട്ടുകളാണ് ചെയ്തത്. ആൾമാറാട്ടമടക്കം ചേർത്ത് 171 സി,ഡി,എഫ് വകുപ്പുകൾ പ്രകാരമാണ് കേസ്. ഇയാളെ സഹായിച്ച മുഹമ്മദ് ഷാഫിക്കെതിരെയും അന്വേഷണമുണ്ടാകും.
കണ്ണൂർ മണ്ഡലത്തിൽ 199 പേരുടെ കള്ളവോട്ടുകളിൽ കോൺഗ്രസ് നൽകിയ പരാതിയിൽ കക്ഷികൾക്ക് വരണാധികാരി നോട്ടീസുകൾ അയച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ ഉറ്റബന്ധു അടക്കമുള്ളവർക്കെതിരെ ആണ് പരാതി. യഥാർത്ഥ വോട്ടർക്ക് നോട്ടീസയച്ച് ഇവർ വോട്ട് ചെയ്തിരുന്നോയെന്ന് വിഡിയോ ദൃശ്യമടക്കം പരിശോധിച്ച് ഉറപ്പു വരുത്തലാണ് ആദ്യപടി. ഇതിന് ശേഷം കളളവോട്ട് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. ശക്തമായ സമ്മർദമാണ് ഇക്കാര്യത്തിൽ കോൺഗ്രസ് ചെലുത്തുന്നത്.
അതേസമയം, പാമ്പുരുത്തിയിലെതടക്കം സ്വന്തം കള്ളവോട്ടുകൾ കൂടി തെളിഞ്ഞതോടെ യുഡിഎഫും പ്രതിരോധത്തിലാണ്. 166ാം നമ്പര്‍ ബൂത്തിൽ വോട്ട് ചെയ്തവര്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രാവാസികളുടെ വോട്ടുകളാണ് ഇവര്‍ കളളവോട്ട് ചെയ്തത്.
അതേസമയം വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തലിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം ശക്തമാക്കുകയാണ് കോൺഗ്രസ്. പൊലീസ് വോട്ടിലെ ക്രമക്കേടിനെതിരെ ഡിജിപിക്കെതിരെയും വിമശനമുണ്ട്.കള്ളവോട്ടിൽ ആദ്യം പ്രതിരോധത്തിലായ സിപിഎമ്മിന് പിന്നാലെ കോൺഗ്രസും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്ത് വരുന്നതോടെ, വോട്ടർ പട്ടികയിലെ വെട്ടിനിരത്തലടക്കമുള്ള വിഷയങ്ങൾ വരും ദിവസങ്ങളിൽ സജീവമായി നിൽക്കുമെന്നുറപ്പ്.
