Asianet News MalayalamAsianet News Malayalam

വടകരയിൽ യുഡിഎഫ് പ്രതിരോധത്തിൽ; കെ.മുരളീധരന് ജാള്യതയെന്ന് സിപിഎം

യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് എൽഡിഎഫ് ആയുധമാക്കുകയാണ്. വടകരയിലും സ്ഥാനാർത്ഥിയെ മാറ്റിയേക്കും, മുരളി വെറുതെ വെയിലുകൊള്ളേണ്ട എന്നൊക്കെയുള്ള പരിഹാസമാണ് ഇടത് ക്യാമ്പ് ഉയർത്തുന്നത്

congress didn't announce the candidature ship of k muraleedharan in vadakara, cpm ridicule
Author
Vatakara, First Published Mar 30, 2019, 7:15 AM IST

കോഴിക്കോട്: വടകരയിൽ കെ മുരളീധരന്‍റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പ് ചർച്ചയാക്കി എൽഡിഎഫ്. ജനങ്ങളോട് വോട്ട് ചോദിക്കാൻ മുരളീധരന് ജാള്യതയുണ്ടെന്നാണ് സിപിഎമ്മിന്‍റെ പരിഹാസം. പി ജയരാജന്‍റെ തോൽവി ഭയന്നുള്ള വെപ്രാളമാണ് ഇടത് ക്യാമ്പിനെന്ന് മുരളീധരൻ തിരിച്ചടിക്കുന്നു.

വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാൻ കെ മുരളീധരന് ജാള്യതയുണ്ടെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്‍റെ പ്രതികരണം. എന്നാൽ യാതൊരു അനിശ്ചിതത്വവും തന്‍റെ സ്ഥാനാർത്ഥിത്വത്തിന്‍റെ കാര്യത്തിലില്ലെന്ന് മുരളീധരൻ പറഞ്ഞു.

നാമനിർദേശ പത്രിക നൽകാനുള്ള സമയം തുടങ്ങിയിട്ടും വയനാട്ടിലും വടകരയിലും യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് എൽഡിഎഫ് ആയുധമാക്കുകയാണ്. വടകരയിലും സ്ഥാനാർത്ഥിയെ മാറ്റിയേക്കും, മുരളി വെറുതെ വെയിലുകൊള്ളേണ്ട എന്നൊക്കെയുള്ള പരിഹാസമാണ് ഇടത് ക്യാമ്പ് ഉയർത്തുന്നത്.

പ്രചാരണത്തിൽ പത്ത് ദിവസം പിന്നിട്ട മുരളി ഇത്തരം ആരോപണങ്ങളൊന്നും കാര്യമാക്കുന്നില്ലെങ്കിലും പ്രഖ്യാപനം വൈകുന്നത് വോട്ടർമാർക്കിടയിലും ചർച്ചയാവുകയാണ്. വടകര പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫ് പ്രവർത്തകർക്കിടയിലും മുറുമുറുപ്പുണ്ട്. പ്രഖ്യാപനം എപ്പോഴുണ്ടാകും എന്ന് ചോദിച്ചാൽ ഉടനെന്ന് മറുപടി പറഞ്ഞ് സ്ഥാനാർത്ഥി കളംവിടും. ഇത് വടകരയിലെ യുഡിഎഫ് പ്രവർത്തകരെ ചെറിയ രീതിയിലൊന്നുമല്ല പ്രതിരോധത്തിലാഴ്ത്തുന്നത്. 

Follow Us:
Download App:
  • android
  • ios