ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം നാല്പ‍ത് സീറ്റുകളും തൂത്ത് വാരുമെന്ന് ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴി. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്നും കനിമൊഴി വ്യക്തമാക്കി

ബിജെപിക്കും അണ്ണാഡിഎംകെയ്ക്കും എതിരായ വികാരം  തമിഴകത്ത് ശക്തമാണ്. നാല്‍പത് സീറ്റുകളിലും ഡിഎംകെ സഖ്യം വിജയിക്കും. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതെന്നും കനിമൊഴി പറഞ്ഞു.

പെണ്‍പോരിനാണ് ഇത്തവണ ലോക്സഭാ ഇലക്ഷനിൽ തൂത്തുക്കുടി സാക്ഷിയാവുക. ഡിഎംകെ നേതാവ് കനിമൊഴിയും ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദരരാജനും നേരിട്ട് ഏറ്റുമുട്ടുന്നു. സ്റ്റെര്‍ലൈറ്റ് വെടിവയ്പ്പില്‍ രക്തക്കറ ഉണങ്ങാത്ത തൂത്തുക്കുടിയില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്ക് എതിരായ വികാരം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ വിജയം ഉറപ്പെന്ന് ആവര്‍ത്തിക്കുകയാണ് കനിമൊഴി.  

ഹിന്ദുത്വ ശക്തിക്ക് എതിരായാണ് പ്രതിപക്ഷ സഖ്യമെന്നും ഇത് ജനം തിരിച്ചറിയുന്നുവെന്നും കനിമൊഴി പറഞ്ഞു. ജൂലൈയില്‍ രാജ്യാസഭാ കാലാവധി അവസാനിക്കുന്ന കനിമൊഴിയെ ഭാവി ഇന്ത്യയുടെ ഉപപ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചാണ് പ്രവര്‍ത്തകരുടെ പ്രചാരണം. മുതിര്‍ന്ന നേതാക്കളായ എ രാജ, ടിആര്‍ ബാലു, മുന്‍കേന്ദ്രമന്ത്രി ദയാനിധി മാരന്‍ എന്നിവരെല്ലാം മത്സരരംഗത്ത് ഉണ്ടെങ്കിലും ദില്ലിയിലെ പാര്‍ട്ടി ശബ്ദം കനിമൊഴിയാണെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.