ആറ് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിദ്ദു മോദി ഒന്നും ചെയ്തില്ലെന്നും ആവര്‍ത്തിച്ചു. അംബാനി, അദാനി, ചില മോദികള്‍ തുടങ്ങിയവരെ സംരക്ഷിതല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ല.

അമൃത്സര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോദിയെ സിദ്ദു ക്ഷണിച്ചിരിക്കുന്നത്. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും സിദ്ദു വെല്ലുവിളിച്ചു.

കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്‍റെ വെല്ലുവിളി. ആറ് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിദ്ദു മോദി ഒന്നും ചെയ്തില്ലെന്നും ആവര്‍ത്തിച്ചു. അംബാനി, അദാനി, ചില മോദികള്‍ തുടങ്ങിയവരെ സംരക്ഷിതല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ല.

പൊതുമേഖല സ്ഥാപനങ്ങളെ നഷ്ടത്തിലേക്കാണ് നയിച്ചത്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് സംരക്ഷിച്ച് പോന്നിരുന്ന ഭരണഘടനാ സ്ഥാപനങ്ങളെ മോദി നശിപ്പിച്ചുവെന്നും സിദ്ദു പറഞ്ഞു. അമേഠിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പരാജയപ്പെട്ടാൽ തന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും മുമ്പ് സിദ്ദു പറഞ്ഞിരുന്നു.

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതൽ വിമാനം വരെയുള്ള കാര്യങ്ങൾ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി കൂറുപുലർത്തുന്നവരെ ദേശീയവാദികളായും പാർട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നതെന്നും സിദ്ദു കുറ്റപ്പെടുത്തി.‌