ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളാണ് വയനാട്ടില്‍ മത്സരിക്കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കെതിരായ നിലപാട് രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.  

ദില്ലി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലുള്ള എതിരഭിപ്രായം നേരിട്ട് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനം പാടില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കളാണ് ഇത് രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. 

അതേസമയം വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പ്രതികരിച്ചു. ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്നാടും ആവശ്യപ്പെട്ടു. മത്സരിക്കാമെന്ന അനുകൂല തീരുമാനം ആരോടും രാഹുൽ ഗാന്ധി പങ്കുവച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു. 

അതേസമയം രാഹുൽ ഗാന്ധി സമ്മതിച്ചു, രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിച്ചു എന്നതരത്തിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുന്നത് തെറ്റാണെന്നും കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ പിസി ചാക്കോ പറഞ്ഞു.