Asianet News MalayalamAsianet News Malayalam

വീടില്ലാത്തവര്‍ക്ക് ഭൂമി, 33 % വനിതാ സംവരണം; കോൺഗ്രസ് പ്രകടനപത്രിക ഒറ്റനോട്ടത്തിൽ

വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നാല് ലക്ഷത്തോളം ഒഴിവുകൾ ആദ്യ വർഷം തന്നെ നികത്തുമെന്നാണ് ഒരു പ്രഖ്യാപനം

Congress manifesto 2019 highlights Focus on jobs, farmers, education
Author
New Delhi, First Published Apr 2, 2019, 6:49 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ രാജ്യം ഏറ്റവുമധികം ഉറ്റുനോക്കിയ പ്രകടന പത്രികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. മോദി സർക്കാരിനെ താഴെയിറക്കാൻ എന്ത് മായാജാലമാണ് കോൺഗ്രസ് പ്രകടന പത്രികയിൽ ഒളിച്ചുവെച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ഇന്നാണ് ഉത്തരം കിട്ടിയത്.  വ്യക്തിസ്വാതന്ത്ര്യവും പൗരന്‍റെ അന്തസും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ. 

രാജ്യദ്രോഹക്കുറ്റം എടുത്തുകളയും, കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും.  സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്കരിക്കും എന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. ക്രിമിനൽ നടപടി നിയമം സമഗ്രമായി പരിഷ്കരിക്കും. 

മൂന്ന് വർഷമോ അതിൽത്താഴെയോ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തതിന് തടവിലിട്ടിരിക്കുന്ന, മൂന്ന് മാസം തടവ് പൂർത്തിയാക്കിയ മുഴുവൻ വിചാരണത്തടവുകാരെയും മോചിതരാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാർ ആറ് മാസം തടവ് പൂർത്തിയാക്കിയെങ്കിൽ വിട്ടയക്കും. ജയിൽ നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

  • രാജ്യത്തെ വ്യാവസായിക-സേവന മേഖലകളിൽ കൂടുതൽ തൊഴിൽ ഉറപ്പുവരുത്താൻ വ്യാവസായിക, സേവന തൊഴിൽ മന്ത്രാലയം സ്ഥാപിക്കും
  • 2020 മാർച്ചിനുള്ളിൽ കേന്ദ്ര സർവ്വീസിലെ നാല് ലക്ഷം ഒഴിവുകൾ നികത്തും
  • തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും
  • സർക്കാർ സർവ്വീസുകളിലെ പരീക്ഷയ്ക്കുളള ഫീസ് എടുത്തുകളയും
  • തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലെത്താൻ സേവാ മിത്രയ്ക്ക് രൂപം നൽകും
  • 2500 പേർ താമസിക്കുന്ന എല്ലാ ഗ്രാമങ്ങളിലും ആശാ വർക്കർമാരെ നിയമിക്കും
  • വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ രാജ്യത്തെമ്പാടും ഒഴിവുകൾ നികത്തും
  • ന്യായ് പദ്ധതിയിലൂടെ രാജ്യത്തെ 20 ശതമാനം കുടുംബങ്ങൾക്ക് വർഷം 72000 രൂപ. ഇത് പരമാവധി സ്ത്രീകളുടെ പേരിൽ അയക്കും
  • എല്ലാ വർഷവും കർഷകർക്ക് വേണ്ടി പ്രത്യേക കിസാൻ ബജറ്റ്
  • കർഷകർക്ക് ഉൽപ്പാദന ചിലവ് കുറച്ച് കൂടുതൽ വരുമാനം ഉണ്ടാക്കാൻ സഹായിക്കും
  • കർഷകർ വായ്പയെടുത്ത് തിരിച്ചടക്കാൻ പറ്റാത്ത സന്ദർഭങ്ങളിൽ ഇവ സിവിൽ കേസായി പരിഗണിക്കും. ഇപ്പോൾ ക്രിമിനൽ കേസാണ്.
  • രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ ചികിത്സ, ഒപി, സൗജന്യ മരുന്ന് തുടങ്ങിയവ ലഭ്യമാക്കും.
  • ആരോഗ്യമേഖലയ്ക്കുളള ജിഡിപി വിഹിതം 2023-24 കാലത്തോടെ മൂന്ന് ശതമാനമാക്കി വർദ്ധിപ്പിക്കും
  • ജിഎസ്‌ടി നിയമം കൂടുതൽ ഇളവ് വരുത്തും. 
  • ജിഎസ്ടിയിൽ കയറ്റുമതിക്ക് സീറോ ടാക്സ്
  • രാജ്യദ്രോഹക്കുറ്റം 124 എ എടുത്തുകളയും
  • അഞ്ച് വർഷത്തിനുളളിൽ നിർമ്മിതവസ്തു മേഖലയിൽ നിന്നുളള ജിഡിപി വിഹിതം 16 ൽ നിന്ന് 25 ശതമാനമാക്കി ഉയർത്തും
  • വിദ്യാഭ്യാസത്തിനുളള ഡിജിപി വിഹിതം ആറ് ശതമാനമാക്കി ഉയർത്തും
  • പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാഭ്യാസം നിർബന്ധവും സൗജന്യവുമാക്കും
  • സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും 33 ശതമാനം സ്ത്രീസംവരണം നടപ്പിലാക്കും
  • 17ാം ലോക്സഭയുടെ ആദ്യ സിറ്റിങിൽ തന്നെ വനിതാ സംവരണ ബിൽ പ്രഖ്യാപിക്കും
  • അർദ്ധസൈനിക വിഭാഗത്തിലെ അംഗങ്ങളുടെ കുടുംബങ്ങൾക്ക് സാമൂഹ്യ-വിദ്യാഭ്യാസ-ആരോഗ്യ സുരക്ഷകൾ ഉറപ്പാക്കും
  • 2006 ലെ വന നിയമം നടപ്പിലാക്കും. വനത്തിൽ നിന്ന് ആരെയും അന്യായമായി ഇറക്കിവിടില്ല. 
  • ആൾക്കൂട്ട കൊലപാതകങ്ങൾ, വംശീയ അതിക്രമങ്ങൾ, കലാപം തുടങ്ങിയവ ഇല്ലാതാക്കും
  • പരിസ്ഥിതി സംരക്ഷണത്തിനും ആഗോള താപനത്തെ നേരിടാനും ശക്തമായ കർമ്മ പദ്ധതിക്ക് രൂപം നൽകും
  • റിസർവ് ബാങ്ക്, വിവരാവകാശ കമ്മിഷൻ, തെരഞ്ഞെടുപ്പ് കമ്മിഷൻ, സിബിഐ എന്നിവയെ പൂർവ്വസ്ഥിതിയിലാക്കും
  • രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വീടുണ്ടാക്കാൻ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഇതിനായി ഭൂമി അനുവദിക്കും
Follow Us:
Download App:
  • android
  • ios