കോൺഗ്രസ് പ്രകടനപത്രിക മുന്നോട്ടു വയ്ക്കുന്നത് അപകടകരമായ ആശയങ്ങളാണ്. രാജ്യത്തെ ശിഥിലീകരിക്കാനുള്ള പ്രകടനപത്രിക എതിർക്കണം - അരുൺ ജയ്‍റ്റ്‍‍ലി. 

ദില്ലി: കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ആശയങ്ങൾ അപകടകരമാണെന്നും ഇത് രാജ്യത്തെ ശിഥിലീകരിക്കുന്നതാണെന്നുമുള്ള ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി. മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു. ദില്ലി അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജയ്‍റ്റ്‍ലിയുടെ ആരോപണം. 

Scroll to load tweet…

രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാർട്ടിക്ക് ഒരു വോട്ടിന് പോലും അർഹതയില്ല. തീർത്തും അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം വാഗ്‍ദാനങ്ങൾ ഉന്നയിക്കാനാകുന്നത്. ഒരു പ്രത്യേക ടീമിനെ നിയോഗിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ രാഹുലിന്‍റെ കൂട്ടുകാരായ 'ടുക്ഡേ ടുക്ഡേ' ഗ്യാംഗിലെ ചില അംഗങ്ങളാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങൾ എഴുതിയതെന്നാണ് കരുതുന്നതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു. 

Scroll to load tweet…

'ന്യായ്' പദ്ധതിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുൽ പറയുന്നത്? ഭരണകാര്യങ്ങളിൽ രാഹുലിനുള്ള തിക‌ഞ്ഞ അജ്ഞതയാണ് ഇതിൽ കാണുന്നതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു.

ജയ്‍റ്റ്‍ലിയുടെ വാർത്താ സമ്മേളനം പൂർണരൂപം:

വിപ്ലവാത്മക നിയമപരിഷ്കാരങ്ങളാണ് ഇന്ന് രാവിലെ പുറത്തിറക്കിയ കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്ര്യവും പൗരന്‍റെ അന്തസും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.

ദീർഘകാലമായി ഭരണകൂടം മർദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങൾ എടുത്തുകളയുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. പൗരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന പുതിയ ചില നിയമങ്ങൾ കൊണ്ടുവരുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

നിലവിലെ രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നതാണ് ഏറ്റവും സുപ്രധാന വാഗ്ദാനം. രാജ്യദ്രോഹക്കുറ്റത്തെ നിർവചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും. രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്ന വകുപ്പായാണ് പ്രകടനപത്രിക ഇതിനെ വിശേഷിപ്പിക്കുന്നത്. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും എന്ന വാഗ്ദാനവുമുണ്ട്. 

സൈന്യത്തിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്കരിക്കും എന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ നിയമം ആളുകൾ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രകടനപത്രിക പറയുന്നു.

ക്രിമിനൽ നടപടി നിയമം സമഗ്രമായി പരിഷ്കരിക്കും. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജൻസികളുടെ സ്വതന്ത്രാധികാരങ്ങൾ സിആർപിസി നിയമത്തിനും ഇന്ത്യൻ തെളിവ് നിയമത്തിനും അധിഷ്ഠിതമാക്കി നിയന്ത്രിക്കുമെന്നും പ്രകടനപത്രികയിലുണ്ട്.