''വയനാട്ടിലെ ജനങ്ങള്‍ അമേഠിയിലേക്ക് നോക്കൂ. പതിനഞ്ച് വര്‍ഷമായി രാഹുല്‍ അമേഠിയെ എങ്ങനെയാണ് നശിപ്പിച്ചതെന്ന് കാണാം. വയനാട്ടിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണം...'' സ്മൃതി ഇറാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: കേരളത്തില്‍ മതേതരത്വത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി. ശബരിമല വിഷയത്തില്‍ ചില ആളുകള്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുവിശ്വാസത്തെ തകര്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് സമൃതി ഇറാനി ആരോപിച്ചു. വയനാട്ടിലെ ജനങ്ങള്‍ അമേഠിയിലെ ദുര്‍ഗതി കാണാതിരിക്കരുതെന്നും സമൃതി ഇറാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

''വയനാട്ടിലെ ജനങ്ങള്‍ അമേഠിയിലേക്ക് നോക്കൂ. പതിനഞ്ച് വര്‍ഷമായി രാഹുല്‍ അമേഠിയെ എങ്ങനെയാണ് നശിപ്പിച്ചതെന്ന് കാണാം. മികച്ച ഒരു റോഡ് ഇല്ല, കുടിവെള്ളം ഇല്ല, മണ്ണ് കൊണ്ടുള്ള കുടിലുകളാണ് മുഴുവനും. വര്‍ഷങ്ങളായി അമേഠിയെ നശിപ്പിച്ചതല്ലാതെ നല്ലതായി ഒന്നും ചെയ്തിട്ടില്ല രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണം...'' - സ്മൃതി ഇറാനി പറഞ്ഞു. 

''ഞാന്‍ വീണ്ടും പറയുന്നു, വയനാട്ടിലെ ജനങ്ങള്‍ ഒരിക്കലെങ്കിലും അമേഠിയിലെ കാര്യങ്ങള്‍ കാണണം. പതിനഞ്ച് വര്‍ഷമായി ദുര്‍ഗതിയാണ് അമേഠിയില്‍. അവിടെ വന്ന് കണ്ടാല്‍ സത്യം ബോധ്യപ്പെടും. രാഹുല്‍ ഗാന്ധി വന്നത് കൊണ്ട് നാശം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല...'' - സ്മൃതി ആവര്‍ത്തിച്ചു.

ഹിന്ദുആചാരങ്ങള്‍ അപമാനിക്കുന്നതിനും ഹൈന്ദവവിശ്വാസങ്ങളില്‍ കളങ്കം സൃഷ്ടിക്കുകയുമാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും. ഇതിന് കൂട്ട് നില്‍ക്കുന്ന പാര്‍ട്ടിയുമായി സഹകരിക്കുകയാണ് രാഹുല്‍. അവരാണെങ്കില്‍ ക്രിസ്ത്യാനിയായ ഒരാളുടെ കൈ വെട്ടിയവരാണ്. .ഇവരുമായി കൂട്ട് ചേര്‍ന്ന് മതേതരത്വത്തിന്‍റെ പേരില്‍ നാടകം കളിക്കുകയാണ്. ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും സ്മൃതി പറഞ്ഞു.