Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസിന്‍റെ വിശാല പ്രതിപക്ഷ സഖ്യസ്വപ്നം പൊളിഞ്ഞു; രാഷ്ട്രീയസഖ്യങ്ങൾ കൈവിടാതെ ബിജെപി

ബിജെപിക്കെതിരായ കോൺഗ്രസിന്‍റെ മഹാസഖ്യ സ്വപ്നങ്ങൾ ഏതാണ്ട് പൊലിഞ്ഞ മട്ടാണ്. അതേസമയം ബിജെപി ഒട്ടുമിക്ക സഖ്യകക്ഷികളെയും നിലനിർത്തി. പുതിയ ചെറുസഖ്യങ്ങൾ ഉണ്ടാക്കാനും ബിജെപിക്കായി.

congress's opposition grand alliance failed, while bjp maintained political alliances
Author
Delhi, First Published Mar 23, 2019, 7:22 AM IST

ദില്ലി: ബിജെപിക്കെതിരായ കോൺഗ്രസിന്‍റെ വിശാല സഖ്യസ്വപ്നങ്ങൾ ഏതാണ്ട് അവസാനിച്ചു. ബിഹാറിലൊഴികെ മറ്റൊരിടത്തും കോണ്‍ഗ്രസിന്‍റെ മഹാസഖ്യ നീക്കം വിജയിച്ചില്ല. അതേ സമയം സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങൾ ഉണ്ടാക്കിയും സര്‍ക്കാര്‍ വിരുദ്ധവികാരം മറികടക്കാനാണ് ബിജെപിയുടെ ശ്രമം.

കോണ്‍ഗ്രസ് ആശിച്ച പോലെ ബിഹാറിൽ മഹാസഖ്യം യാഥാര്‍ഥ്യമായി. പക്ഷേ ചോദിച്ച സീറ്റ് പാര്‍ട്ടിക്ക് കിട്ടിയില്ല. എൻഡിഎയിൽ നിന്ന് ഉപേന്ദ്ര കുശ് വാഹയുടെ പാര്‍ട്ടിയെ പ്രതിപക്ഷ ചേരിയിലെത്തിക്കാനായി. തമിഴ്നാട്ടിലും കോൺഗ്രസിന് സഖ്യമുണ്ടാക്കാനായി. പക്ഷേ ഉത്തര്‍ പ്രദേശിൽ വിശാല സഖ്യമോഹം നടപ്പായില്ല. എസ്‍പി, ബിഎസ്‍പി സഖ്യം അമേഠിയും റായ് ബറേലിയും മാത്രം ഒഴിച്ചിട്ട് കോണ്‍ഗ്രസിനെ നാണം കെടുത്തി. ഇപ്പോള്‍ നീക്കുപോക്കിന് പോലും സാധ്യതില്ലാത്തവണ്ണം സഖ്യവും കോണ്‍ഗ്രസും അകന്നിരിക്കുകയാണ്. രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്‍പി പ്രഖ്യാപിക്കുകയും ചെയ്തു.

കര്‍ണാടകയിൽ സിറ്റിങ് സീറ്റ് വിട്ടു കൊടുത്താണ് ജെഡിഎസിനെ ഒപ്പം നിര്‍ത്തുന്നത്. മഹാരാഷ്ട്രയിൽ എൻസിപിക്ക് അപ്പുറം പുതിയ പാര്‍ട്ടിയെ കൊണ്ടു വരാനും കോൺഗ്രസിനായില്ല. ബംഗാളിൽ സിപിഎമ്മുമായി കോൺഗ്രസ് ഉണ്ടാക്കാൻ ശ്രമിച്ച ധാരണയും പൊളിഞ്ഞു. ടിഡിപിയുമായുള്ള സഖ്യം തെലങ്കാന തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ വേണ്ടെന്നു വച്ചു. ദില്ലിയിൽ എഎപിയുമായി ലക്ഷ്യംവച്ച സഖ്യമാവട്ടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയിൽ തട്ടി എങ്ങുമെത്തിയില്ല

അതേസമയം ബിഹാറിൽ മഹാസഖ്യത്തെ നേരിടാൻ അഞ്ചു സിറ്റിങ് സീറ്റ് വിട്ടു കൊടുത്താണെങ്കിലും നിതീഷ് കുമാറുമായി ബിജെപി സഖ്യമുണ്ടാക്കി. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു രാം വിലാസ് പാസ്വാനെയും ഒപ്പം നിര്‍ത്തി. പരസ്പരം നിരന്തരം വിമര്‍ശനം തുടരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യം ബിജെപി തുടരുകയാണ്. നിയമസഭയിൽ തുല്യ സീറ്റ് വേണമെന്ന ശിവസേനയുടെ ആവശ്യത്തിനും ബിജെപി വഴങ്ങി.

വെറും അഞ്ചു സീറ്റേ കിട്ടിയുള്ളൂവെങ്കിലും തമിഴ്‍നാട്ടിൽ എഐഡിഎംകെയുമായും ബിജെപിക്ക് സഖ്യമുണ്ടാക്കാനായി. പഞ്ചാബിൽ അകാലി ദളുമായുള്ള സഖ്യം തുടരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചെറുപാര്‍ട്ടികളുമായും ബിജെപിക്ക് സഖ്യമുണ്ടാക്കാനായി. പൗരത്വ ബില്ലിൽ പിണങ്ങിയ അസം ഗണ പരിഷത്തിനെ അടക്കം തിരികെ കൊണ്ടു വന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാനും ബിജെപിക്കായി. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയിൽ ടിആര്‍എസും ബിജെപിയുടെ വിളിപ്പുറത്തുണ്ട്.

Follow Us:
Download App:
  • android
  • ios