ദില്ലി: അപ്രതീക്ഷിത നീക്കമായിരുന്നു കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍റെത്. നിന്ന നില്‍പ്പില്‍ ടോം വടക്കന്‍ ഇത്രയും കാലം ഒപ്പം നിന്ന കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ ട്രോളുകളുടെ പൂരമാണ്. പ്രധാനമായും ടോം വടക്കന്‍റെ ട്വീറ്റുകളാണ് ട്രോളുകളായി മാറുന്നത്. ബിജെപിയാകുന്നതിന് തലേന്ന്  വടക്കന്‍ ട്വീറ്റ് ചെയ്തിരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റാണ്.

രാഷ്ട്രീയക്കാര്‍ക്കെതിരെ സാമ്പത്തിക ആരോപണം വന്നാല്‍ അവരെന്ത് ചെയ്യും ? ബിജെപിയില്‍ ചേരുമെന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോള്‍.  അതോടൊപ്പം ടോം വടക്കന്‍ പണ്ട് ബിജെപിക്കെതിരെ പ്രയോഗിച്ചതെല്ലാം ഇപ്പോള്‍ വടക്കനെതിരെ ഉയര്‍ത്തി കൊണ്ടുവരികയാണ് സോഷ്യല്‍ മീഡിയ. ബിജെപി എംപിയും, എംഎല്‍എയും ചെരുപ്പുകൊണ്ട് തമ്മിലടിച്ചതിനെ പരിഹസിക്കുന്നു വടക്കന്‍.

ഒരിക്കല്‍ ബിജെപിയില്‍ നിങ്ങള്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കുറ്റങ്ങള്‍ ഇല്ലാതാക്കപ്പെടും എന്ന് പണ്ട് ബിജെപിയെ വിമര്‍ശിച്ച ടോം വടക്കന്‍റെ വിഖ്യാതമായ പ്രഖ്യാപനങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിച്ച് തുടങ്ങി.