അധികാരത്തിനു മുന്നിൽ ജനങ്ങൾക്ക് നൽകിയ വാഗ്‍ദാനം ജെജെപി വിസ്‍മരിച്ചെന്നും കോണ്‍ഗ്രസ്
ദില്ലി: ഹരിയാനയില്‍ ബിജെപിയോട് കൂട്ടുചേര്‍ന്ന ജെജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഹരിയാനയിലെ
ജനവിധി ജെജെപി അവഗണിച്ചെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. അധികാരത്തിന് മുന്നിൽ ജനങ്ങൾക്ക് നൽകിയ വാഗ്‍ദാനം ജെജെപി വിസ്‍മരിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ ദുഷ്യന്ത് ചൗത്താലയുടെ അമ്മ നൈനയുടെ ബിജെപി വിരുദ്ധ പ്രസ്‍താവന റീ ട്വീറ്റ് ചെയ്താണ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ പ്രതികരണം.
ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് ഹരിയാനയില്‍ ബിജെപി, ജെജെപിയുടെ പിന്തുണ നേടിയത്. അമിത് ഷായുടെ ദില്ലിയിലെ വസതിയില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ജെജെപിയും ധാരണയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കും ഉപമുഖ്യമന്ത്രി പദം ജെജെപിക്കുമെന്ന ഫോര്‍മുലയില്‍ ചര്‍ച്ച വിജയിച്ചു. പിന്നാലെ മാധ്യമങ്ങളെ കണ്ട അമിത് ഷാ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്കെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ജെജപിയെ കോണ്‍ഗ്രസ് ചാക്കിടാന്‍ നോക്കിയെങ്കിലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ ഇടപെടലാണ് പാര്‍ട്ടിയെ ബിജെപി പാളയത്തിലേക്ക് എത്തിച്ചത്. ജെജെപിയിലെ വലിയൊരു വിഭാഗവും ബിജെപി സഖ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വതന്ത്രരുടേതടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 മറികടന്നെങ്കിലും സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ജെജപിയെ ബിജെപി ക്ഷണിക്കുകയായിരുന്നു. മാത്രമല്ല ജാട്ടുകള്‍ക്കിടയിലെ ജെജെപിയുടെ സ്വാധീനത്തേയും ഒപ്പം ചേര്‍ക്കാമെന്ന് ബിജെപി കരുതുന്നു.
