ആലപ്പുഴ: അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടിയിട്ടും ആലപ്പുഴ ലോക്സഭാ മണ്ഡലം കൈവിട്ട് പോയതിന്‍റെ ആഘാതത്തിലാണ് ആലപ്പുഴയിലെ യുഡിഎഫ് ക്യാമ്പ്. ചേര്‍ത്തല മണ്ഡലത്തില്‍ എഎം ആരിഫ് നേടിയ പതിനേഴായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് യു‍ഡിഎഫിന്‍റെ ട്വന്‍റി ട്വന്‍റി സ്വപ്നം തകര്‍ത്തത്. ചേര്‍ത്തലയിലെ വന്‍ വോട്ടുചോര്‍ച്ച ഗൗരമായി പരിശോധിക്കുകയാണ് യുഡിഎഫ് നേതൃത്വം.

ആരിഫിന് 38000ല്‍ ഏറെ ഭൂരിപക്ഷം നല്‍കിയ അരൂര്‍. മന്ത്രി തോമസ്ഐസക്കിന് 30,000-ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമുള്ള ആലപ്പുഴ. മന്ത്രി ജി സുധാകരന് 20,000-ലേറെ വോട്ടിന്‍റെ മുന്‍തൂക്കമുള്ള അമ്പലപ്പുഴ. എല്ലാം ഷാനിമോള്‍ ഉസ്മാന്‍ മറികടന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം. 

പക്ഷേ ചേര്‍ത്തല ചതിച്ചു. ചില്ലറയല്ല. 17000 വോട്ടുകളുടെ ഭൂരിപക്ഷം ഈ ഒരൊറ്റ മണ്ഡലത്തില്‍ എഎം ആരിഫ് നേടി. പരമ്പരാഗതമായി യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ അര്‍ത്തുങ്കലില്‍ പോലും ഷാനിമോള്‍ ഉസ്മാന്‍ പിറകോട്ട് പോയി. ചില ബൂത്തുകളില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ഞൂറുവോട്ടിന്‍റെ വരെ കുറവുണ്ടായി. 

ഇതോടെയാണ് ഒരു അട്ടിമറി നടന്നോ സംശയം കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ബൂത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. സംഘടനാപരമായി എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറയാന്‍ പക്ഷേ ഷാനിമോള്‍ ഉസ്മാന്‍ തയ്യാറാല്ല.

ചേര്‍ത്തലയില്‍ ആരിഫിനെ ജയിപ്പിക്കാന്‍ തനിക്കാവും വിധം ചെയ്തിരുന്നു എന്ന  വെള്ളാപ്പള്ളി നടേശന്‍റെ തുറന്നുപറച്ചില്‍ കോണ്‍ഗ്രസ്സ് ഗൗരവത്തോടെയാണ് കാണുന്നത്. വെള്ളാപ്പള്ളി നടേശനുമായി നല്ല അടുപ്പമുള്ള ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ നീക്കം നടത്തിയോ എന്ന സംശയവും ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ചേര്‍ത്തലയിലെ 17000 ഭൂരിപക്ഷവും കായംകുളത്തെ നാലായിരം വോട്ടിന്‍റെ ഭൂരിപക്ഷവും കൊണ്ടാണ് ആരിഫ് ഇടതുമുന്നണിയുടെ സംസ്ഥാനത്തെ ഏക ജേതാവായത്.