വയനാട് സീറ്റ് സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകൾ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെയാണ് സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലായത്. 

ദില്ലി: കോൺഗ്രസിൽ വയനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കം തീർക്കാൻ ഇന്ന് ദില്ലിയിൽ വീണ്ടും ചർച്ച. സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനത്തിലെത്താനുള്ള ചർച്ചകൾക്കായി ഉമ്മൻ ചാണ്ടി ഇന്ന് ദില്ലിയിൽ എത്തും. 

വയനാട് സീറ്റ് സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലായത്. ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യത്തിൽ ഇതുവരെ ഒരു വിട്ടുവീഴ്ചയ്ക്കും ഉമ്മൻ ചാണ്ടി തയ്യാറായിട്ടില്ല . സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടിൽ രമേശ് ചെന്നിത്തലയും തുടരുകയാണ്. 

സിദ്ദിഖിനെ വടകരയിലേയ്ക്ക് മാറ്റി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശം വച്ചെങ്കിലും സിദ്ദിഖ് വഴങ്ങിയില്ല . ആലപ്പുഴ സീറ്റ് സിദ്ദിഖ് വാഗ്ദാനം ചെയ്ത് മറ്റൊരു ഫോര്‍മുല ഐ ഗ്രൂപ്പ് വച്ചെങ്കിലും അതിനോടും എ ഗ്രൂപ്പ് വഴങ്ങിയിട്ടില്ല . ഏറ്റവും ഒടുവിലത്തെ ഫോര്‍മുല അനുസരിച്ച് വയനാട്ടിൽ ഷാനിമോള്‍ ഉസ്മാനും വടകരയിൽ വിദ്യാബാലകൃഷ്ണനും സ്ഥാനാര്‍ഥിയാക്കണമെന്നതാണ് നിര്‍ദേശം. എ ഗ്രൂപ്പ് വഴങ്ങാത്ത സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ വീണ്ടും ചര്‍ച്ചകൾ നടത്തുന്നത്.

അതേ സമയം ആന്ധ്രയിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായാണ് ദില്ലിയിൽ എത്തുന്നതെന്നാണ് ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ചർച്ച നടത്തി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.