സാധാരണക്കാര്‍ക്ക് വര്‍ഷം 72,000 രൂപ, തൊഴിലുറപ്പ് തൊഴിൽ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തും , കര്‍ഷക ബജറ്റ്.... ഇങ്ങനെ പാവപ്പെട്ടവരെയും വനിതകളെയും യുവാക്കളെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താൻ ലക്ഷ്യമിടുന്നതാണ്  കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക.  ബി. ജെ.പിയുടെ ദേശീയത, ഹിന്ദുത്വ അജണ്ടകളിൽ നിന്ന് തിരഞ്ഞെടുപ്പ് വിഷയം മാറ്റാനും ഉന്നമിട്ടാണ് വാഗ്ദാനങ്ങള്‍. 

ദില്ലി: തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ സാധാരണക്കാരെ ഒപ്പം നിര്‍ത്താൻ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേശീയതയിലൂന്നി കോണ്‍ഗ്രസിനെ നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. രാജ്യദ്രോഹകുറ്റം എടുത്തുകളയുമെന്ന് പ്രകടനപത്രികാ വാഗ്ദാനം ആയുധമാക്കിയാണ് മോദി കോണ്‍ഗ്രസിനെ നേരിടുന്നത്.

സാധാരണക്കാര്‍ക്ക് വര്‍ഷം 72,000 രൂപ, തൊഴിലുറപ്പ് തൊഴിൽ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തും , കര്‍ഷക ബജറ്റ്.... ഇങ്ങനെ പാവപ്പെട്ടവരെയും വനിതകളെയും യുവാക്കളെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താൻ ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക. ബി. ജെ.പിയുടെ ദേശീയത, ഹിന്ദുത്വ അജണ്ടകളിൽ നിന്ന് തിരഞ്ഞെടുപ്പ് വിഷയം മാറ്റാനും ഉന്നമിട്ടാണ് വാഗ്ദാനങ്ങള്‍. 

എന്നാൽ തുടക്കം മുതൽ ദേശീയതയിലും സുരക്ഷയിലും ഹിന്ദുത്വത്തിലും ഊന്നുന്ന മോദി തന്‍റെ അജണ്ടയിൽ തിരഞ്ഞെടുപ്പ് ഉറപ്പിച്ചു നിര്‍ത്താൻ ശ്രമിക്കുന്നു. അതിന് അദ്ദേഹം ദേശദ്രോഹ കുറ്റം എടുത്തു കളയുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനത്തെ കടന്നാക്രമിക്കുന്നു. മിനിമം വരുമാനം ഉറപ്പക്കൽ പോലുള്ള കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ഗ്രാമീണ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്.

കോണ്‍ഗ്രസ് ദേശദ്രോഹികള്‍ക്കൊപ്പമെന്ന് ആരോപിക്കുന്ന മോദി രാജ്യത്തെ രക്ഷിക്കുന്ന കാവൽക്കാരനാണ് താനെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ ആവര്‍ത്തിക്കുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നു . ജമ്മുകശ്മീരുമായി ബന്ധപ്പെട്ട പ്രത്യേക സായുധസേനാ നിയമം ഭേദഗതി ചെയ്യുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും മാത്രമേ ഗുണം ചെയ്യൂവെന്ന് പ്രതിരോധമന്ത്രി വിമര്‍ശിച്ചു. അതിനിടെ അഭ്യന്തര സുരക്ഷയെക്കുറിച്ച് ലഫ്. ജനറൽ ഡി.എസ് ഹൂഡ നൽകിയ നിര്‍ദേശങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടയോന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു.