ശബരിമല ജനവിധിയെ സ്വാധീനിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കൊടിക്കുന്നില്‍ തെരഞ്ഞടുപ്പ് ഓഫീസറെ കോൺഗ്രസ് ചോദ്യം ചെയ്യുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ശബരിമല യുവതീ വ്രവേശന വിഷയം ഉന്നയിച്ച് സാമുദായിക ചേരിതിരിവ് നടത്താന്‍ കോണ്‍ഗ്രസില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. ബരിമല വിഷയത്തിൽ പ്രത്യേക പ്രചരണം നടത്തേണ്ട കാര്യമില്ല. അത് വിശ്വാസികളുടെ ഉള്ളിൽ നിലനിൽക്കുന്ന പ്രശ്നമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 

ശബരിമല ജനവിധിയെ സ്വാധീനിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കൊടിക്കുന്നില്‍ തെരഞ്ഞടുപ്പ് ഓഫീസറെ കോൺഗ്രസ് ചോദ്യം ചെയ്യുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യ തെരഞെടുപ്പ് ഓഫീസറുടെ പരാമർശത്തെ കോടിയേരി സ്വാഗതം ചെയ്തത് സിപിഎമ്മിന്റ ആശങ്ക തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസ് പട്ടികയെ ചൊല്ലി ഇപ്പോൾ പുറത്തുവരുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. പതിനഞ്ചാം തീയതി കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാകും. കോൺഗ്രസിന്‍റേത് പത്തര മാറ്റുള്ള സ്ഥാനാർത്ഥികളായിരിക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. 

അതേസമയം നാളെ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദർശനം സുരക്ഷാ ഏജൻസികളുടെ അനുമതി ലഭിച്ചാൽ മാത്രമാണ് ഉണ്ടാകുക എന്നും കൊടിക്കുന്നില്‍ അറിയിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഏജൻസികളുടെ അനുമതി ലഭിച്ചാൽ മാത്രമെ സന്ദർശനം നടത്തൂ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.