റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ ജയം, ലോക്സഭയിലും കോൺഗ്രസ് ആവർത്തിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മോദിയുടെ മായാജാലം ഇനി വിലപ്പോകില്ലെന്നും ബാഗൽ പറഞ്ഞു. 

ചത്തീസ്ഗ‌‌ഢ് നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു സെമിഫൈനൽ. കോണ്‍ഗ്രസ് അത് നേടിക്കഴിഞ്ഞു. ഇപ്പോൾ ഫൈനലാണ്. അവിടെയും കോണ്‍ഗ്രസ് ബിജെപിയെ മലർത്തിയടിക്കും. അജിത് ജോഗി ഉള്ളതു കൊണ്ടാണ് ബിജെപി ഇത്രയെങ്കിലും സീറ്റുകൾ നേടിയത്. ഇല്ലെങ്കിൽ ഇതിലും കഷ്ടമായേനെ. ഇപ്പോൾ ജോഗിക്ക് ഒരു പ്രസക്തിയുമില്ല. നിയമസഭയിൽ മോദിയുടെ മായാജാലങ്ങളൊന്നും വിലപ്പോയില്ല. ഇലക്ഷൻ മെഷിനറിയെ പറ്റിയാണ് എപ്പോഴും പറയുന്നത്. എന്നാല്‍ ഒടുവില്‍ അതും പരാജയപ്പെട്ടുവെന്നും ബാഗൽ കൂട്ടിച്ചേര്‍ത്തു.  

ചത്തീസ്‍ഡില്‍ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍, തെരഞ്ഞെടുപ്പിന് മുമ്പ് എന്തെല്ലാം വാഗ്ദാനങ്ങളാണോ നൽകിയത് അതെല്ലാം ഈ സമയം കൊണ്ട് തന്നെ നടപ്പാക്കി കഴിഞ്ഞു.  എല്ലാ തരത്തിലും മാറ്റം പ്രകടമാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ സംസ്ഥാനത്ത് വലിയ ആവേശം പ്രകടമാണ്. പ്രത്യേകിച്ചും വനിതകളിലും യുവാക്കളിലും അത് കാണാം. ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാകുമെന്നും ഭൂപേഷ് വ്യക്തമാക്കി.