ദില്ലി: പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാനാകാതെ ദുർബലമായി കോൺഗ്രസ്. 12 സംസ്ഥാനങ്ങളിലും ദില്ലിയടക്കം നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സീറ്റ് ഒന്നുമില്ലാതെ കോൺഗ്രസ് മടങ്ങിയത്. അമേഠിയിൽ രാഹുൽ ഗാന്ധി തോറ്റത് തിരിച്ചടിയുടെ ആഘാതം കൂട്ടിയെന്നാണ് വിലയിരുത്തല്‍. 352 സീറ്റുകളിലാണ് എൻഡിഎ ജയിച്ചത്. അതേസമയം കോൺഗ്രസ് 86 സീറ്റുകളിലേക്ക് ഒതുങ്ങി. 

പരാജയത്തില്‍നിന്നു പാഠങ്ങൾ ഉൾക്കൊണ്ട് രാഹുൽ ഗാന്ധി മുന്നിൽനിന്നു പടനയിച്ച തിരഞ്ഞെടുപ്പ് എന്ന നിലയിൽ  കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. എന്നാല്‍ കോണ്‍ഗ്രസിനെതിരായാണ് രാജ്യം വിധിയെഴുതിയത്. തനിച്ച് ഭരണത്തില്‍ എത്താനാവില്ലെന്ന തിരിച്ചറി ഉണ്ടായിരുന്നെങ്കിലും നൂറിലേറെ സീറ്റിൽ എത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു കോൺഗ്രസ് ക്യാംപുണ്ടായിരുന്നത്. 

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു തൊട്ട്പിന്നാലെ കോൺഗ്രസും ബിജെപിയും തമ്മിലുണ്ടായ പരസ്യ പോരാട്ടത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനം. ആകെ അംഗബലത്തിന്‍റെ പത്ത് ശതമാനം സ്വന്തമാക്കാത്ത പാർട്ടിയെ നിലവിലെ വ്യവസ്ഥകളനുസരിച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിയായി അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിച്ചത്. 

ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷകക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നും 1977ലെ എൽഒപി നിയമത്തിലുള്ള വ്യവസ്‌ഥയെന്നും ഈ നിയമം പിന്നീടു ഭേദഗതി ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള കോൺഗ്രസിന്‍റെ വാദങ്ങൾ തള്ളിയായിരുന്നു മോദി സർക്കാരിന്റെ ഈ നിലപാട്. ജവാഹർലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്‌ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലഘട്ടങ്ങളിലെ കീഴ്വഴക്കങ്ങളും ബിജെപി ഇതിന് പിന്തുണയായി ഉയര്‍ത്തിയിരുന്നു.