ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്നും കത്തില്‍ കോൺ​ഗ്രസ് ആവശ്യപ്പെടുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ 'പിഎം നരേന്ദ്രമോദി'യുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്നും കത്തില്‍ കോൺ​ഗ്രസ് ആവശ്യപ്പെടുന്നു.

മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ വാദം. ചിത്രത്തിൽ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീർത്തിച്ചുകൊണ്ടുള്ള രം​ഗങ്ങളുണ്ടെന്നും ചിത്രം പ്രദർശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയും. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തും.