രാഷ്ട്രീയത്തില്‍ കഴിവുള്ള വനിതകള്‍ ഏറെയുണ്ട്. എന്നാല്‍ നേതൃനിരയിലേക്ക് അവര്‍ എത്തുന്നില്ല. തെരഞ്ഞെടുപ്പുകളിലും വേണ്ട പ്രാതിനിധ്യമില്ലെന്നും ഭാര്‍ഗവി തങ്കപ്പന്‍

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് ഇപ്പോഴും വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് സിപിഐയുടെ നേതാവായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍. പ്രായാധിക്യത്താൽ പഴയ പോലെ സജീവമല്ലെങ്കിലും ഇടത് മുന്നണി ഇത്തവണ വൻ ജയം നേടുമെന്നാണ് ഭാർഗ്ഗവി തങ്കപ്പൻറെ പ്രതീക്ഷ.

രാഷ്ട്രീയത്തില്‍ കഴിവുള്ള വനിതകള്‍ ഏറെയുണ്ട്. എന്നാല്‍ നേതൃനിരയിലേക്ക് അവര്‍ എത്തുന്നില്ല. തെരഞ്ഞെടുപ്പുകളിലും വേണ്ട പ്രാതിനിധ്യമില്ല. സ്വന്തം പാർട്ടിയിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ഭാർഗ്ഗവി തങ്കപ്പൻ പറയുന്നത്.

1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു ഭാർഗവി തങ്കപ്പന്‍റെ കന്നിയങ്കം. വൈദ്യുതിബോര്‍ഡിലെ ജോലി രാജിവെച്ച് മത്സരിച്ച തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1977മുതല്‍ അഞ്ച് തവണ നിയമസഭാംഗമായി. ഡെപ്യൂട്ടി സ്പീക്കറുമായി. പരാജയപ്പെട്ടത് 1991ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മാത്രം. 

കല്ലുവാതുക്കല്‍ മദ്യദുരന്തവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഭാര്‍ഗവി തങ്കപ്പന്‍ വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റവിമുക്തയായതോടെ സംഘടനയില്‍ തിരിച്ചെത്തി.എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. 2019ൽ 2004 ആവർത്തിക്കുമെന്നാണ് ഭാർഗ്ഗവി തങ്കപ്പൻ പറയുന്നത്.