തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടുപിന്നാലെ തന്നെ പൊന്നാനിയില്‍ പി വി അൻവറും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഐ തന്നെ സഹായിച്ചില്ലെന്നായിരുന്നു പി വി അൻവറിന്‍റെ പരാതി. മാത്രവുമല്ല മുസ്ലീം ലീഗിനൊപ്പമാണ് മലപ്പുറം ജില്ലയിലെ സിപിഐയെന്നും പി വി അൻവര്‍ ആരോപിച്ചിരുന്നു. 

മലപ്പുറം: പൊന്നാനിയില്‍ ഇടതുമുന്നണിയുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ വീഴ്ച്ചയുണ്ടായെന്നാരോപിച്ച് സിപിഐ. പ്രചാരണ രംഗത്ത് ഐക്യമില്ലാത്തതും പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ നേതൃത്വമില്ലാത്തതും മുന്നണിക്ക് വോട്ടുകള്‍ നഷ്ടപെടുത്തിയെന്നാണ് സിപിഐയുടെ കുറ്റപെടുത്തല്‍.

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അൻവറിനെതിരെ സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കി. പാര്‍ട്ടിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നുവെന്നതാണ് പരാതി. എഐവൈഎഫ് പ്രവർത്തകർ പി വി അൻവറിന്‍റെ കോലം കത്തിച്ചു.

സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്നും തന്നെ ദ്രോഹിക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു പി വി അൻവറിന്‍റെ ആദ്യ പ്രസ്താവന. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അൻവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് അൻവറിന്‍റെ കോലം കത്തിച്ചത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടുപിന്നാലെ തന്നെ പൊന്നാനിയില്‍ പി വി അൻവറും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഐ തന്നെ സഹായിച്ചില്ലെന്നായിരുന്നു പി വി അൻവറിന്‍റെ പരാതി. മാത്രവുമല്ല മുസ്ലീം ലീഗിനൊപ്പമാണ് മലപ്പുറം ജില്ലയിലെ സിപിഐയെന്നും പി വി അൻവര്‍ ആരോപിച്ചിരുന്നു. 

അൻവറിന്‍റെ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന സാഹചര്യത്തിലാണ് സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. അൻവര്‍ പലവട്ടം മുന്നണി മര്യാദ ലംഘിച്ചിട്ടും സിപിഎം മൗനം തുടരുന്നതിലും സിപിഐക്ക് അതൃപ്തിയുണ്ട്. 

ബിസിനസ് രംഗത്തുണ്ടായ പ്രതിസന്ധിയില്‍ പ്രതീക്ഷിച്ച സഹായം സിപിഐ മന്ത്രിമാരില്‍ നിന്ന് കിട്ടാത്തതാണ് പി വി അൻവര്‍ പാര്‍ട്ടിക്കെതിരെ തിരിയാൻ കാരണമെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി മറുപടി നല്‍കിയത്. ഈ തര്‍ക്കം തുടരുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം ദുര്‍ബലമായെന്ന പരാതിയുമായി പൊന്നാനിയിലെ സിപിഐ നേതൃത്വം സിപിഎമ്മിനെതിരെ രംഗത്തുവന്നത്.

കൂടിയാലോചനകളില്ലാത്തതും ഏകോപനത്തിന്‍റെ അഭാവവും തെരെ‍‍ഞ്ഞെടുപ്പില്‍ വലിയ വോട്ടു ചോര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെന്നും സിപിഐ കുറ്റപെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ പരാജയമാണ് ഇടതുമുന്നണിക്ക് ഇത്തവണ പൊന്നാനിയിലുണ്ടാവുകയെന്നാണ് സിപിഐ കണക്ക് കൂട്ടല്‍. 

സിപിഎമ്മിന് പ്രചാരണ രംഗത്ത് സംഭവിച്ച വീഴ്ച്ചയാണ് ഇതിനു കാരണമെന്ന് വരുത്താനാണ് വിമര്‍ശനവുമായി ആദ്യം രംഗത്തിറങ്ങിയതിലൂടെ സിപിഐ ലക്ഷ്യമിടുന്നത്.

പൊന്നാനിയില്‍ കോണ്‍‍ഗ്രസ് - ലീഗ് വോട്ടുകള്‍ ഭിന്നിപ്പിച്ച് അട്ടിമറി ജയം നേടുകയായിരുന്നു അൻവറിലൂടെ എൽഡിഎഫ് ലക്ഷ്യമിട്ടത്. എന്നാല്‍ ജില്ലയില്‍ സിപിഎം സിപിഐ അകൽച്ചയിലേക്കാണ് നിലവിൽ കാര്യങ്ങൾ എത്തിയിരിക്കുന്നത്.