തന്നെ വിവാദത്തിൽ കുടുക്കാനായി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും മാഫിയ സംഘവും ചേർന്ന് ഗൂഡാലോചന നടത്തിയെന്ന എം കെ രാഘവന്‍റെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്നാണ് സിപിഎമ്മിന്‍റെ പരാതി.
കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിൽ സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ സിപിഎം മാനനഷ്ടകേസ് നൽകും.
തന്നെ വിവാദത്തിൽ കുടുക്കാനായി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും മാഫിയാ സംഘവും ചേർന്ന് ഗൂഡാലോചന നടത്തിയെന്ന എം കെ രാഘവന്‍റെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന് കാണിച്ചാണ് സിപിഎം മാനനഷ്ടക്കേസ് നൽകുന്നത്. വിഷയത്തിൽ നാളെ തന്നെ എം കെ രാഘവന് വക്കീൽ നോട്ടീസ് അയക്കും.
ഒളിക്യാമറ വിവാദത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും കാണിച്ച് എം കെ രാഘവന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കോഴിക്കോട്ടെ സിപിഎം നേതൃത്വവും ഒരു മാഫിയ സംഘവുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് രാഘവന്‍റെ ആരോപണം
ഒളിക്യാമറയിലെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ എം കെ രാഘവന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് കാണിച്ച് സിപിഎമ്മും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവുകള്‍ക്കായി 20 കോടി രൂപ എവിടെ നിന്ന് കിട്ടി?എങ്ങിനെ വിനിയോഗിച്ചു?എംപിയായ ശേഷം രാഘവന്‍റെയും കുടംബത്തിന്‍റെയും സ്വത്തിലുള്ള വര്‍ധന തുടങ്ങിയവ അന്വേഷിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് രാഘവന്‍ നല്‍കിയ കണക്ക് വ്യാജമാണെന്നും സിപിഎം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
ഇരുകൂട്ടരുടെയും പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറുകയും വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ കണ്ണൂര്‍ റേഞ്ച് ഐജിയെ ഡിജിപി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി തലശ്ശേരി എഎസ്പിയായ സുകുമാർ അരവിന്ദനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തെത്തിയതോടെ വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
